
രാഗിണിയെ സിസിബി ഓഫീസിലെത്തിച്ചപ്പോൾ | Image Credit: PTI
ബെംഗളുരു: മയക്കു മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടില്‍ നടന്ന റെയ്ഡിനെത്തുടർന്ന് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തിരുന്നു. സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്.
രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
ഇവരുടെ കൈയില്‍ നിന്ന് നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തിലെ വാട്സാപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതൽ ബന്ധങ്ങൾ വെളിച്ചത്ത് വരികയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകര്‍ തങ്ങള്‍ക്ക് ചില വിവരങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നത്. കന്നഡ ചലച്ചിത്രമേഖലയില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ താഴെയിടാന്‍ പ്രവര്‍ത്തിച്ചത് ഈ മയക്കുമരുന്ന് മാഫിയ ആണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..