-
കൊല്‍ക്കത്ത: റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കാന്‍ എത്തിയ പഞ്ചായത്ത് അധികൃതരെയും നിര്‍മാണ തൊഴിലാളികളെയും തടഞ്ഞ അധ്യാപികയെ കയര്‍ കൊണ്ട് ബന്ധിച്ച് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനജ്പുറിലാണ് സംഭവം.
ദിനജ്പുറിലെ ഫാത നഗര്‍ ഗ്രാമത്തിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്. പഞ്ചായത്ത് അധികൃതരും നിര്‍മാണ തൊഴിലാളികളും എത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അധ്യാപികയായ സ്മൃതികോന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
റോഡ് നിര്‍മാണത്തിനായി തങ്ങളുടെ സ്ഥലം വിട്ടുകൊടുക്കുന്നതിന് വിസമ്മതിച്ച ഇവര്‍ അധികൃതരെ തടയുകയും ചെയ്തു. ഇതോടെ ക്ഷുഭിതരായ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ അമല്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുളള പുരുഷന്മാരുടെ സംഘം ഇവരെ മര്‍ദിക്കുകയും കാലുകള്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കൈകളില്‍ പിടിച്ച് റോഡിലൂടെ വലിച്ച് നീക്കി.
ഇതുകണ്ട സ്മൃതികോനയുടെ മൂത്ത സഹോദരി സോമ ദാസും പ്രതിഷേധവുമായെത്തി. ഇവരേയും അമലും സംഘവും ഉപദ്രവിക്കുകയും നിലത്തേക്ക് തള്ളിയിടുകയും വലിച്ചിഴക്കുകയും ചെയ്തു. സഹോദരിമാര്‍ക്കൊപ്പം ഇവരുടെ അമ്മയെയും തള്ളിയിട്ടതായി പരാതിയുണ്ട്.
സ്മൃതികോനയെ കയര്‍കെട്ടി വലിച്ചുനീക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെറൂണ്‍ നിറത്തിലുള്ള മാക്‌സി ധരിച്ച സ്ത്രീയുടെ കാല്‍മുട്ടുകള്‍ കയര്‍ ഉപയോഗിച്ച് ഒരാള്‍ കൂട്ടിക്കെട്ടുന്നതും ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അവരെ വലിച്ചിഴക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
ആക്രമണത്തില്‍ പരിക്കേറ്റ സ്മൃതികോനയെയും സോമ ദാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോമ ദാസിനെ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു. ശനിയാഴ്ച സ്മൃതികോനയെയും ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ചയാണ് സ്മൃതികോന ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അമലാണ് അക്രമത്തിന് ആഹ്വാനം നല്‍കിയതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
സംഭവം വിവാദമായതോടെ അമല്‍ സര്‍ക്കാരിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അര്‍പിത ഘോഷ് അറിയിച്ചു.
ഈ രണ്ടു സഹോദരിമാരുടെ വീടിന് മുന്നിലൂടെയാണ് റോഡ് നിര്‍മിക്കുന്നത്. 12 അടി വീതിയില്‍ റോഡ് നിര്‍മിക്കാനായിരുന്നു ആദ്യം പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചിരുന്നത്. അതിനുവേണ്ടി ഭൂമി നല്‍കാന്‍ ഇവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് റോഡിന്റെ വീതി 24 അടിയായി ഉയര്‍ത്തിയതോടെ കൂടുതല്‍ ഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ് പ്രതിഷേധവുമായി സഹോദരിമാര്‍ രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Bengal woman tied and dragged on road while protesting against land acquisition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..