
-
കൊൽക്കത്ത: അടുത്ത ഛാത് പൂജ വരെ രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ മറികടന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ അടുത്ത വർഷം ജൂൺ വരെ സൗജന്യ റേഷൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നിമിഷങ്ങൾക്ക് ശേഷമായിരുന്നു മമതയുടെ പ്രഖ്യാപനം. കേന്ദ്രം നൽകുന്നതിനേക്കാൾ ഗുണനിലവാരമുളള റേഷനായിരിക്കും സംസ്ഥാന സർക്കാർ നൽകുകയെന്നും മമത പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ നീക്കം. ബംഗാളിൽ 60 ശതമാനം പേർക്ക് മാത്രമാണ് കേന്ദ്ര റേഷൻ ലഭിക്കുന്നത്.
രാജ്യത്തെ 80 കോടിയോളം വരുന്ന ദുർബല ജനവിഭാഗങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് നവംബർ വരെ ദീർഘിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിനെയും മമത വിമർശിച്ചു.' ഏതാനും ആപ്പുകൾ നിരോധിച്ചതുകൊണ്ട് ഫലമില്ല. ചൈനയ്ക്ക് യോജിച്ച ഒരു മറുപടി കൊടുക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാർ അക്കാര്യത്തിൽ തീരുമാനമെടുക്കണം.' ചൈനയ്ക്ക് ഇന്ത്യൻ സൈനികർ യോജിച്ച മറുപടി നൽകിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ നിഷേധിച്ചുകൊണ്ട് മമത പറഞ്ഞു.
Content Highlights; Bengal will give free ration till June 2021:Mamta Banerjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..