
തൃണമൂൽ കൗൺസിലർ വാക്സിൻ നൽകുന്നു| Photo: Screengrab from video twitter.com|paulagnimitra1
കൊല്‍ക്കത്ത: വാക്സിന് സ്വീകരിക്കാനെത്തിയ സ്ത്രീക്ക് കുത്തിവെപ്പ് നല്കിയ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിവാദത്തില്‍. ബംഗാളിലെ അസന്‍സോളില്‍ നടന്ന വാക്സിന് ക്യാമ്പിലാണ് മുന്‍പരിചയമൊന്നുമില്ലാത്ത കൗണ്‍സിലര്‍ വാക്സിന് കുത്തിവെപ്പ് നല്‍കിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട ബിജെപി ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി.
കുല്‍തിയില്‍ പ്രാദേശിക ഭരണകൂടം സംഘടിപ്പിച്ച വാക്സിനേഷന് ക്യാമ്പിലാണ് തൃണമൂല്‍ കൗണ്‍സിലര്‍ തബസും അറ കുത്തിവെപ്പ് നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വാക്സിന് സ്വീകരിക്കാനായി എത്തിയ സ്ത്രീക്ക് ഒരു നഴ്സിന്റെ സഹായത്തോടെ കൗണ്‍സിലര്‍ കുത്തിവെപ്പ് നല്‍കുന്നതായി വീഡിയോയില്‍ കാണാം.
നേഴ്സിങ് കോഴ്സ് ചെയ്തിരുന്നുവെന്ന് ആദ്യം അവകാശപ്പെട്ട കൗണ്‍സിലര്‍ സംഭവം വിവാദമായതോടെ മലക്കം മറിഞ്ഞു. വാക്സിന് നല്‍കിയില്ലെന്നും സിറിഞ്ച് കൈയ്യില്‍ പിടിക്കുക മാത്രമാണ് ചെയ്തെന്നും അവര്‍ പറഞ്ഞു. വാക്സിന് എടുക്കാന്‍ മടിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും സിറിഞ്ച് കൈയില്‍ പിടിച്ച് അവബോധം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും കൗണ്‍സിലര്‍ അവകാശപ്പെട്ടു.
സംഭവത്തിനെതിരേ ബിജെപി രൂക്ഷമായാണ് പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങളുടെ ജീവന് വെച്ച് കളിക്കുകയാണെന്ന് അസന്‍സോള്‍ എംഎല്‍എ അഗ്നിമിത്ര പോള്‍ പറഞ്ഞു. തൃണമൂലിന് പ്രാദേശിക ഭരണകൂടത്തിന് മേല്‍ നിയന്ത്രണമില്ലേയെന്ന് ബിജെപി നേതാവ് ബാബുല്‍ സുപ്രിയോയും ചോദിച്ചു. കുത്തിവയ്പ് നല്കി നൂറുകണക്കിന് പേരുടെ ജീവന് കൗണ്‍സിലര്‍ അപകടത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Bengal Vaccine Controversy: Trinamool Councillor Gives Vaccine Dose; BJP Hits Out
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..