അക്രമണത്തിന് തൊട്ടുമുമ്പ് സാകിർ ഹുസൈൻ ഉൾപ്പെടെയുള്ള തൃണമൂൽ പ്രവർത്തകർ | photo: mathrubhumi news|screen grab
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്റ്റേഷന് പുറത്തുവെച്ച് തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. അക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കാനായി നിംതിത റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രി ഉള്‍പ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ ഉടന്‍ ജംഗീപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു തഹേര്‍ ഖാന്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണം ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് നിഷേധിച്ചു.
സംഭവ സ്ഥലത്ത് വലിയ തോതില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മുര്‍ഷിദാബാദ് മേഖലയില്‍ ഏതാനം മാസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് മന്ത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അക്രമണത്തെ അപലപിച്ചു.
content highlights: Bengal minster injured in bomb attack in Murshidabad; rushed to hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..