സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും മമതയും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാനുള്ള അധികാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. പോലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യുപിഎസ്സിക്ക് ഇല്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.
യുപിഎസ്സി തയ്യാറാക്കുന്ന മൂന്ന് അംഗ പട്ടികയില്‍ നിന്നാകണം സംസ്ഥാന സര്‍ക്കാരുകള്‍ പോലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ പോലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പാനലിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക യുപിഎസ്സിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അധികാരം കവരാന്‍ ഭരഘടനപരമായി സാധിക്കില്ല. പോലീസ് മേധാവിയായി പരിഗണിക്കേണ്ടവരുടെ മെറിറ്റ് ഉള്‍പ്പടെ വിലയിരുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആണെന്നും ബംഗാള്‍ സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോദിയുടെ നാമനിര്‍ദേശ പത്രിക പിന്തുണച്ച വിരമിച്ച ജഡ്ജിയുടെ മകന് മനോജ് മാളവ്യയാണ് ബംഗാളിലെ ആക്ടിങ് ഡിജിപി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് വിരേന്ദ്ര വിരമിച്ചതിനെ തുടര്‍ന്ന് 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് മാളവ്യയെ ആക്ടിങ് ഡിജിപി ആയി കഴിഞ്ഞ ദിവസം മമത ബാനര്‍ജി സര്‍ക്കാര്‍ നിയമിച്ചിരുന്നു. അഖില്‍ ഭാരതീയ ഹിന്ദു മഹാസഭായുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകന് ആണ് മനോജ് മാളവ്യ. മനോജിന്റെ പിതാവ് ജസ്റ്റിസ് ഗിരിധര്‍ മാളവ്യ ആണ് 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി നല്കിയ നാമനിര്‍ദേശ പത്രിക പിന്താങ്ങിയ നാല് പേരില്‍ ഒരാള്‍.
പോലീസ് മേധാവിയായി പരിഗണിക്കേണ്ടവരുടെ പാനല്‍ തയ്യാറാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയ പട്ടികയില്‍ പല പോരായ്മകളും ഉണ്ടെന്ന് ആരോപിച്ച് യുപിഎസ്സി ആരോപിച്ചിരുന്നു. പാനല്‍ തയ്യാറാക്കുന്നത് വൈകുന്നതിനാലാണ് സംസ്ഥാന പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ആക്ടിങ് ഡിജിപിയായി മമത സര്‍ക്കാര്‍ നിയമിച്ചത്.
കേരളത്തിനും നിര്‍ണ്ണായകം
കേരളത്തിലെ ഡിജിപി നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ പട്ടികയിലെ സീനിയര്‍ ആയിരുന്നിട്ടും യുപിഎസ്സി തയ്യാറാക്കിയ അന്തിമ പാനലില്‍ ടോമിന് തച്ചങ്കരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരെയാണ് പാനലില്‍ യുപിഎസ്സി ഉള്‍പ്പെടുത്തിയത്. പാനലില്‍ ഉണ്ടായിരുന്ന അനില്‍ കാന്തിനെയാണ് സംസ്ഥാന പോലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചത്.
2022 ജനുവരി അഞ്ചിനാണ് അനില്‍ കാന്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒക്ടോബറില്‍ അടുത്ത മേധാവിയെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് പരിഗണിക്കേണ്ട പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ യുപിഎസ് സി ക്ക് കൈമാറേണ്ടതാണ്. ബംഗാളിന്റെ അപേക്ഷ പരിഗണിച്ച് മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തിയാല്‍ ജനുവരിയില്‍ കേരള സര്‍ക്കാരിനും ഇഷ്ടമുള്ള ഐപിഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കാന്‍ കഴിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..