കൊല്‍ക്കത്ത: തൃണമുല്‍ എംപി മഹുവ മൊയ്ത്ര തനിക്കെതിരെ ഉന്നയിച്ച ബന്ധുനിയമന ആരോപണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്തിന്റെ ക്രമസമാധാനനില സംബന്ധിച്ചുള്ള ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. രാജ്ഭവനിലെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ജഗദീപ് ധന്‍കറിന്റെ അടുത്ത ബന്ധുക്കളാണെന്നുള്ള മഹുവയുടെ ആരോപണത്തെ കുറിച്ചും അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് സ്വയം തിരിച്ചറിഞ്ഞ് ഖേദിച്ച് ധന്‍കര്‍ ഡല്‍ഹിലേക്ക് മടങ്ങണമെന്നുമുള്ള മഹുവയുടെ ആവശ്യത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മഹുവ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ പട്ടികയിലെ ആറ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥരും തന്റെ അടുത്ത ബന്ധുക്കളല്ലെന്ന് ധന്‍കര്‍ അറിയിച്ചു. ഉദ്യോഗസ്ഥരെല്ലാം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും നാല് വിഭിന്ന ജാതിയില്‍ പെടുന്നവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നാല് പേര്‍ തന്റെ ജാതിയില്‍ പെട്ടവരോ തന്റെ സംസ്ഥാനത്ത് നിന്നുള്ളവരോ അല്ലെന്നും അദ്ദേഹം അറിയിച്ചു. മമതയുടെ ഭരണത്തിന്‍ കീഴില്‍ തകരാറിലായ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള പദ്ധതിയാണ് തന്റെ മേലുള്ള ആരോപണമെന്നും ധന്‍കര്‍ വ്യക്തമാക്കി. 

ട്വിറ്ററിലൂടെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഈ ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താനാവില്ലെന്നും ഭരണഘടന വിവക്ഷിക്കുന്ന രീതിയില്‍ തന്നെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാനനില വഷളായതിനെ സംബന്ധിച്ചും മമതയുടെ ഭരണത്തെ കുറ്റപ്പെടുത്തിയും ട്വിറ്ററിലൂടെ തുടര്‍ച്ചയായുള്ള ഗവര്‍ണറുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള തൃണമുലിന്റെ നീക്കമായാണ് മഹുവയുടെ ആരോപണം നിരീക്ഷിക്കപ്പെടുന്നത്. 

ഗവര്‍ണറെ മഹുവ അങ്കിള്‍ജി എന്നാണ് ട്വീറ്റുകളില്‍ അഭിസംബോധന ചെയ്തത്. ആരോപണം ഗവര്‍ണര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സ്പഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് മഹുവ ട്വീറ്റ് ചെയ്തു. ബിജെപി ഐടി സെല്ലിന് പോലും ഇക്കാര്യത്തില്‍ ഗവര്‍ണറെ സഹായിക്കാനാവില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് ഗവര്‍ണര്‍ വിട്ടു നില്‍ക്കണമെന്നാവശ്യപ്പെടുന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ കത്തും മഹുവ ഹാജരാക്കി. 

 

 

 

Content Highlights: Bengal Governor rubbishes TMC MP Mahua Moithra's allegation