കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഘര്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെതിരേ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ ബഹളം വെക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. 

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എംഎല്‍എമാര്‍ സഭാ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് അഞ്ചുമിനിട്ടോളം ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായി. 

തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയം ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നെങ്കിലും അവരും ഗവര്‍ണര്‍ക്ക് പിന്നാലെ വാക്കൗട്ട് നടത്തി. മൂന്നുമണിക്ക് നിയമസഭ വീണ്ടും സമ്മേളിക്കും. 

Content Highlights: Bengal Governor Leaves Assembly