കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജനങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണെന്ന് ബി.ജെ.പി.ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴും എട്ടും ഘട്ടങ്ങളില്‍ വളരെ നിര്‍ണായകമായ ഒരു യുദ്ധത്തില്‍ പോരാടുന്ന ജനങ്ങള്‍ താമരയ്ക്ക് വോട്ട് ചെയ്യുമെന്നും നഡ്ഡ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു വെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നഡ്ഡ. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കാത്തതിനെയും നഡ്ഡ ചോദ്യം ചെയ്തു. 'കോവിഡ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് അവര്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവര്‍ എന്താണ് പങ്കെടുക്കാതിരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്താണ് അവരെ തടഞ്ഞത്? യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഈഗോയാണോ അതോ അഹങ്കാരമാണോ തടഞ്ഞത്. ഒരേയൊരു കാരണമേയുളളു- നിങ്ങളുടെ ധാര്‍ഷ്ട്യം ബംഗാളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രിക്കുമിടയില്‍ ഒരു തടസ്സമായി പ്രവര്‍ത്തിക്കുകയാണ്.' നഡ്ഡ പറഞ്ഞു. 

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് റാലികള്‍, പദയാത്ര എന്നിവ നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരുന്നു. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 500 ആയി ചുരുക്കുകയും ചെയ്തിരുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ എട്ടുഘട്ടമായാണ് പശ്ചിമബംഗാളില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറുഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഏഴ്, എട്ട് ഘട്ടങ്ങള്‍ യഥാക്രമം ഏപ്രില്‍ 26, ഏപ്രില്‍ 29 തീയതികളില്‍ നടക്കും. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

 

Content Highlights: Bengal Election 2021: JP Nadda attacks Mamata Banerjee