ആലാപൻ ബന്ദോപാധ്യായ് | ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: മമത ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനാണ് ആലാപന്‍ ബന്ദോപാധ്യായക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലുള്ള നടക്കുന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് പുതിയ സംഭവവികാസങ്ങള്‍.
ദുരന്തനിവാരണ നിയമം 51 ബി വകുപ്പ് പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഒരു കൊല്ലം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് ഈ വകുപ്പില്‍ വീഴ്ചയ്ക്ക് നടപടിയായി എടുക്കാവുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍വീസില്‍നിന്ന് തിരിച്ചുവിളിച്ചതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം വിരമിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് ആയി നിയമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആലാപന്‍ ബന്ദോപാധ്യായക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്തെ ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാതിരിക്കുകയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തതിന്റെ പേരില്‍ നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വീസില്‍നിന്ന് വിരമിച്ചാലും നാലു വര്‍ഷം വരെ ഉദ്യോഗസ്ഥനതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാകും എന്നാണ് ചട്ടം.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്ന് മമത വിട്ടുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. കേന്ദ്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നു. അവലോകന യോഗത്തില്‍നിന്ന് വിട്ടുനിന്ന മമത ഹെലിപ്പാഡിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ പോകുകയും ചെയ്തു. മമതയുടെ പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശമുന്നയിച്ച് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഒരു പ്രധാനമന്ത്രിയോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാവില്ലെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചത്.
ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമത കത്തയച്ചിരുന്നു. വിരമിക്കാനിരുന്ന ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തേക്ക് മമത സര്‍ക്കാര്‍ സര്‍വീസ് നീട്ടി നല്‍കിയിരുന്നു. അതിനിടയിലാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിര്‍ദ്ദേശം പാലിക്കില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു. ബന്ദോപാധ്യായ വിരമിച്ച ഒഴിവില്‍ എച്ച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.
Content Highlights: Bengal Chief Secretary, Now In Team Mamata, Gets Notice From Centre


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..