കൊൽക്കത്ത: പാർട്ടിക്കെതിരേ തിരിയുന്ന നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കാൻ പുതിയ അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് ബംഗാൾ ബിജെപി ജനറൽ സെക്രട്ടറി സയന്തൻ ബോസ്. അച്ചടക്ക സമിതിയുടെ അന്തിമ തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനായിരിക്കുമെന്നും സയന്തൻ ബോസ് വ്യക്തമാക്കി.

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് പാർട്ടിവിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ബംഗാൾ ബിജെപിയുടെ പുതിയ തീരുമാനം.

മുകുൾ റോയ് പാർട്ടി വിട്ടത് നിർഭാഗ്യകരമാണ്. എന്നാൽ ബിജെപിയെ ഇത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നും ഒരു ബിജെപി പ്രവർത്തകൻ പോലും അദ്ദേഹത്തോടൊപ്പം തൃണമൂലിലേക്ക് മടങ്ങിയിട്ടില്ലെന്നും ബോസ് വ്യക്തമാക്കി.

പാർട്ടി ദേശീയ ഉപാധ്യക്ഷനാക്കിയപ്പോൾ മുകുൾ റോയ് അത് നിരസിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ പറഞ്ഞപ്പോഴും അദ്ദേഹം അത് നിരസിച്ചിട്ടില്ല. നാളെ തൃണമൂൽ കോൺഗ്രസിനുള്ളിലും താൻ തൃപ്തനല്ലെന്ന് അദ്ദേഹം പറയുമെന്നും ബോസ് വ്യക്തമാക്കി.

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്. പിന്നീട് 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാൽ, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുകുൾ റോയിയെ ബി.ജെ.പി. അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. പരിഗണിച്ചത്. ഇത് പടലപ്പിണക്കത്തിന് ഇടയാക്കുകയായിരുന്നു. തുടർന്നാണ് തൃണമൂലിലേക്ക് തിരികെ പോകാൻ മുകുൾ റോയി തീരുമാനിച്ചത്.

content highlights:Bengal BJP to set-up 'disciplinary action committee' following Mukul Roy's exit