സുവേന്ദു അധികാരി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബിജെപിയുടെ മുഴുവന്‍ എംഎല്‍എമാര്‍ക്കും വൈ പ്ലസ് സുരക്ഷ നൽകിയതിന് പിന്നാലെ എംപിമാരായ സിസിര്‍ കുമാര്‍ അധികാരിക്കും ദിബ്യേന്ദു അധികാരിക്കും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത എതിരാളിയും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ അച്ഛനും സഹോദരനുമാണ് സിസിര്‍ കുമാര്‍ അധികാരിയും ദിബ്യേന്ദു അധികാരിയും. തീരുമാനം സംസ്ഥാനത്തെ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ കൂടുതല്‍ രൂക്ഷമാക്കും.
സി.ആര്.പി.എഫാണ് വൈ പ്ലസ് സുരക്ഷ നല്‍കുക. ഒരു അംഗരക്ഷനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 സായുധ സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് വൈ പ്ലസ് സുരക്ഷ. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
തൃണമൂല്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേർന്നതിന് ശേഷം നന്ദിഗ്രാമില്‍ 1200 ഓളം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. സുവേന്ദുവിന്റെ പിതാവ് സിസിര്കുമാര് അധികാരി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും തൃണമൂലിന്റെ എംപി സ്ഥാനം രാജിവെച്ചിട്ടില്ല. സഹോദരന് ദിബ്യേന്ദു അധികാരിയും തൃണമൂല്‍ എംപിയായി തുടരുകയാണ്.
പ്രോട്ടോക്കോള്‍ ലംഘനമാണ് ബിജെപി എംഎല്‍എമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ നടപടിയെന്നാരോപിച്ച് തൃണമൂല്‍ ബിജെപി നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊമ്പുകോര്ത്തുവരികയാണ്.
വോട്ടെണ്ണലിന് ശേഷമുണ്ടായ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം ബിജെപി നേതാക്കള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..