കൊല്‍ക്കത്ത: പ്രതിമയില്‍ പതാക സ്ഥാപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്വന്തമാക്കാനാവില്ലെന്ന് ബംഗാള്‍ ബി.ജെ.പി. ഉപാധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുവുമായ ചന്ദ്ര കുമാര്‍ ബോസ്. ബി.ജെ.പി. പതാക പിടിച്ച രീതിയിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചന്ദ്രകുമാര്‍ ബോസിന്റെ പ്രതികരണം. 

സുഭാഷ് ചന്ദ്രബോസ് ഒരു മികച്ച രാഷ്ട്രീയ നേതാവാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ കക്ഷി രാഷ്ട്രീയത്തിനുമപ്പുറമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാജിയെ അര്‍ഹിക്കുന്നില്ല. പ്രതിമയില്‍ പതാക സ്ഥാപിച്ചുകൊണ്ട് ഒരു പാര്‍ട്ടിക്കും അദ്ദേഹത്തെ സ്വന്തമാക്കാനാവില്ല. ഇത് ശരിയായ രീതിയല്ലെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും ചന്ദ്രകുമാര്‍ ബോസ് പ്രതികരിച്ചു. വിഷയത്തില്‍ ബി.ജെ.പി. ബംഗാള്‍ അധ്യക്ഷന്‍ പ്രതികരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് തിരുത്താന്‍ ബി.ജെ.പി. തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യം ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങള്‍ ഭീതി പടര്‍ത്തുന്ന അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് നേരത്തേതന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്, ചെറിയ തിരുത്തലുകളോടെ നിയമം നടപ്പിലാക്കുന്നതിനെ താന്‍ അനുകൂലിക്കുന്നു. എന്നാല്‍ ഇതേ നിലപാട് പിന്തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ തുടരണോ എന്നതിനെക്കുറിച്ച് തനിക്ക് ആലോചിക്കേണ്ടിവരും. 

പൗരത്വ നിയമ ഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ കേന്ദ്രം തയ്യാറായാല്‍ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ നിഷ്പ്രഭമാകും. പീഡനങ്ങള്‍ ഏല്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയാണ് പൗരത്വ നിയമമെന്ന് വ്യക്തമാക്കണം. മതം പരാമര്‍ശിക്കേണ്ട ആവശ്യമില്ല. നമ്മുടെ സമീപനം വ്യത്യസ്തമായിരിക്കണം. എണ്ണത്തില്‍ കുടുതല്‍ ഉള്ളതുകൊണ്ട് തീവ്രരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാനാവില്ല. ജനങ്ങളെ സമീപിച്ച് പൗരത്വ നിയമത്തിന്റെ നല്ല വശങ്ങള്‍ ബോധ്യപ്പെടുത്തണം'  ബോസ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Bengal BJP leader Chandra Bose upset after party flag shows up on Netaji statue