ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കുമെന്ന് വെളിപ്പെടുത്തി ശിവസേന. മമതയെ യഥാര്‍ഥ ബംഗാള്‍ കടുവയെന്നാണ് രാജ്യസഭാംഗമായ സഞ്ജയ് റാവുത്ത് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ ശിവസേന ഇത്തവണ മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നിരവധി പേര്‍ ജിജ്ഞാസുക്കളാണ്. അതിനാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുമായുളള ചര്‍ച്ചയ്ക്ക് ശേഷമുളള തീരുമാനം ഇവിടെ പങ്കുവെക്കുകയാണ്. 

'നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഇത് 'ദീദി വേഴ്‌സസ് ആള്‍' പോരാട്ടമാണ്. എല്ലാ എമ്മുകളും -മണി, മസില്‍, മീഡിയ- മമതയ്‌ക്കെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് പശ്ചിമ ബംഗാളില്‍ മത്സരിക്കുന്നില്ലെന്നും മമതയ്ക്ക് പിന്തുണ നല്‍കണമെന്നുമാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മമതയ്ക്ക് ഗര്‍ജനത്തോടെയുളള വിജയം ഞങ്ങള്‍ ആശംസിക്കുന്നു. കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് അവളാണ് യഥാര്‍ഥ ബംഗാള്‍ കടുവയെന്നാണ്.' സഞ്ജയ് റാവുത്ത് ട്വിറ്ററില്‍ കുറിച്ചു. 

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടുഘട്ടങ്ങളായിട്ടാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

 

Content Highlights:Bengal Assembly Election 2021: Shiv sena with Mamata Banerjee