ന്യൂഡൽഹി: ആന്ധ്ര പ്രദേശ്- തെലങ്കാന സംസ്ഥാനങ്ങൾ തമ്മിലുളള കൃഷ്ണ നദീജല തർക്കവുമായി ബന്ധപ്പെട്ട ഹർജി കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. താൻ രണ്ടുസംസ്ഥാനങ്ങളുടെയും ഭാഗമാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്  വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

'ഇക്കാര്യം നിയമപരമായി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ രണ്ടു സംസ്ഥാനങ്ങളുടെയും ഭാഗമാണ്. മധ്യസ്ഥതയിലൂടെ ഇക്കാര്യം പരിഹരിക്കാനാകുമെങ്കിൽ ദയവുചെയ്ത് അപ്രകാരം ചെയ്യൂ. അക്കാര്യത്തിൽ ഞങ്ങൾക്ക് സഹായിക്കാൻ കഴിയും. അല്ലെങ്കിൽ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റും.', ചീഫ് ജസ്റ്റിസ്  പറഞ്ഞു.

കൃഷ്ണ നദീജല തർക്കവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് സർക്കാരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് രാഷ്ട്രീയ വിഷയമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ആന്ധ്രപ്രദേശിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.

'നിങ്ങൾ രണ്ടുകൂട്ടരും ഇരു സർക്കാരുകളെയും കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അനാവശ്യമായി ഇക്കാര്യത്തിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.',ചീഫ് ജസ്റ്റിസ്  പറഞ്ഞു. ബുധനാഴ്ച സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും.

2015-ലെ ഉടമ്പടിക്ക് വിരുദ്ധമായി തെലങ്കാന വൈദ്യുത ആവശ്യങ്ങൾക്കായി നദിയിൽ നിന്ന് ജലം എടുക്കുന്നതായാണ് ആന്ധ്ര പ്രദേശ് ആരോപിക്കുന്നത്.

രണ്ടു സംസ്ഥാനങ്ങൾക്കും പൊതുവായ ശ്രീശൈലം, നാഗാർജുന സാഗർ, പുളിചിന്ദല എന്നീ റിസർവോയറുകളുടെ നിയന്ത്രണം ജലശക്തി മന്ത്രാലയം ഏറ്റെടുക്കണമെന്ന് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ആന്ധ്രപ്രദേശ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ റിസർവോയറുകളിൽ നിന്ന് തെലങ്കാന ജലമെടുക്കുന്നത് ആന്ധ്രയിലെ ജലസേചനത്തെ താറുമാറിലാക്കിയെന്ന് ആന്ധ്ര പ്രദേശ് ആരോപിക്കുന്നു.

കൃഷ്ണ, ഗോദാവരി എന്നീ രണ്ടു പ്രധാനനദികളാണ് ഇരുസംസ്ഥാനങ്ങളിലൂടെയും ഒഴുകുന്നത്. തെലങ്കാനയുടെ രൂപീകരണം മുതൽ ജലം പങ്കിടൽ സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.

നിലവിൽ കൃഷ്ണ നദിയിൽ ആറ് അണക്കെട്ടുകളാണ് ഉളളത്. താല്ക്കാലിക കരാർ പ്രകാരം തെലങ്കാനയും ആന്ധ്രയും തമ്മിൽ 34:66 എന്ന അനുപാതത്തിൽ ജലം പങ്കിടണമെന്നാണ് പറയുന്നത്. എന്നാൽ വൈദ്യുതിക്കായി ഇതിൽക്കൂടുതൽ ജലം പൊതുവായ റിസർവോയറുകളിൽ നിന്ന് തെലങ്കാന എടുക്കുന്നതായാണ് ആന്ധ്രപ്രദേശിന്റെ ആരോപണം. ശ്രീശൈലം റിസർവോയറിൽ ജനനിരപ്പ് 834 അടിയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ വൈദ്യുതിക്കായി ജലമെടുക്കാവു, എന്നാൽ ജലനിരപ്പ് കുറവായിരിക്കുമ്പോഴും തെലങ്കാന ഇവിടെ നിന്ന് ജലമെടുക്കുന്നതായും ഇത് ആന്ധ്രയിലെ ജലസേചനത്തെ താറുമാറിലാക്കുന്നതായും സംസ്ഥാനം ആരോപിക്കുന്നു.

 

Content Highlights: Krishna River Case:Belongs to both states cant hear the matter legally says CJ N V Ramana