ലഖ്‌നൗ: ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രക്കെതിരേ പരോക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്ല പെരുമാറ്റത്തിലൂടെ ജനങ്ങളുട വിശ്വാസം നേടിയെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം ഒരു രാഷ്ട്രീയ നേതാവാകുക എന്നാല്‍ ആരെയെങ്കിലും ''ഫോര്‍ച്യൂണര്‍' ഉപയോഗിച്ച് ഇല്ലാതാക്കുക എന്നല്ലെന്നും പറഞ്ഞു. ലഖിംപുര്‍ സംഭവത്തില്‍ കുറ്റാരോപിതനായ ആശിഷ് മിശ്ര അറസ്റ്റിലായതിന് പിന്നാലെയാണ് സ്വതന്ത്ര ദേവ് സിങ്ങിന്റെ പരാമര്‍ശം. 

' ജനങ്ങളെ കൊള്ളയടിക്കാനോ ഫോര്‍ച്യൂണര്‍ വാഹനം ഉപയോഗിച്ച് ആരെയെങ്കിലും ചതച്ചരക്കാനോ അല്ല നമ്മള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ പെരുമാറ്റത്തിനാണ് വോട്ട് ലഭിക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ 10 പേര്‍ നിങ്ങളെ പ്രശംസിച്ചാല്‍ അഭിമാനംകൊണ്ട് എന്റെ മനസു തുടിക്കും. നിങ്ങളുടെ പെരുമാറ്റം അത്തരത്തിലായാല്‍ ജനങ്ങള്‍ നിങ്ങളെ കാണുമ്പോള്‍ മുഖംതിരിക്കില്ല.'- ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു പരിപാടിയില്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. 

നേരത്തേ, കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലില്‍  സഹകരിക്കാതിരുന്നതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ ലഭിക്കാന്‍ യു.പി. പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തില്‍ വ്യക്തത ലഭിക്കാന്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കൂടിയായ ആശിഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ.ഡി.ജി.പി. പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു. 

ഒക്ടോബര്‍ മൂന്നിന് ബന്‍ബിര്‍പുരില്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വരുന്നതറിഞ്ഞ് ലഖിംപുരില്‍ പ്രതിഷേധിക്കാനിരുന്ന കര്‍ഷകര്‍ക്കിടിയിലേക്കാണ് വാഹനമിടിച്ചു കയറ്റിയത്. ആശിഷാണ് വാഹനം ഓടിച്ചതെന്നാണ് കര്‍ഷകരുടെ ആരോപണം. ഇത് അജയ് മിശ്രയും ആശിഷും നിഷേധിക്കുകയും ചോദ്യം ചെയ്യലില്‍ സഹകരിക്കാതിരിക്കുകയുമാണ്. 

Content Highlights: Being politician doesn't mean you crush anyone with Fortuner, says UP BJP chief on Lakhimpur incident