ന്യൂഡല്‍ഹി: ചൈന - പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക നീക്കാന്‍ ചൈനയുടെ ശ്രമം. ഇടനാഴിയുടെ പേര് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് ചൈന വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ക്കും സമ്മതമെങ്കില്‍ ഇന്ത്യ - പാക് പ്രശ്നപരിഹാരത്തിനായി ഇടനില വഹിക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന - പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, പരമാധികാരവുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും  സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യംവെച്ചുള്ളതാണെന്ന് ചൈന വ്യക്തമാക്കി. പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വേണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള മഞ്ഞുരുകുന്നതിന് ഇരു രാജ്യങ്ങളുടെയും സമ്മതമുണ്ടെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും ചൈനയുടെ ഇന്ത്യയിലെ സ്ഥാനപതി ലുവോ സോഹുയി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ ഒരുവിധത്തിലും സാമ്പത്തിക ഇടനാഴി ബാധിക്കില്ല.

ഇടനാഴിയുടെ പേരു മാറ്റുന്നതിനു പോലും തങ്ങള്‍ തയ്യാറാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച പൂര്‍വ്വകാലം ഇരു രാജ്യങ്ങള്‍ക്കുമുണ്ടെന്നും ചൈനയുടെ പ്രതിനിധി ചൂണ്ടിക്കാട്ടി.