ന്യൂഡല്‍ഹി: ബിഹാറിലെ ബുദ്ധതീര്‍ത്ഥാടന കേന്ദ്രമായ ബോധ്ഗയയില്‍ ആത്മീയാചാര്യന്‍ ദലൈലാമ സംബന്ധിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും ടിബറ്റുകാരെ ചൈന വിലക്കി. ഇതിനായി ആയിരക്കണക്കിന് ടിബറ്റുകാരുടെ പാസ്‌പോര്‍ട്ട് ചൈന കണ്ടുകെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബോധ്ഗയയിലുള്ള തീര്‍ത്ഥാടകരോട് തിരിച്ചെത്തണമെന്ന് അറിയിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം കുടുംബാംഗങ്ങളില്‍ നിന്നും ഒപ്പിട്ടു വാങ്ങിക്കുന്നുണ്ടെന്നും തീര്‍ത്ഥാടകരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.

ഭീകരതയ്ക്കും മതപരമായ വിവേചനത്തിനും എതിരായ പോരാട്ടത്തിന്റെ ഭാഗമായി പുതിയ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണം സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് ടിബറ്റന്‍ സര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ മുതല്‍ ചൈന ടിബറ്റുകാരുടെ പാസ്‌പോര്‍ട്ടുകള്‍ തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് പൗരന്‍മാര്‍ക്ക് നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനും താല്‍ക്കാലിക വിലക്കുണ്ടെന്ന് നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും പറയുന്നു. 

ജനുവരി പത്തുവരെയുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും വിമാന സര്‍വീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്.

ദൂരത്തിന് ലാമയും അനുചരന്‍മാരുമായുള്ള ബന്ധത്തിന് തടസ്സം സൃഷ്ടിക്കാനാവില്ലെന്നും ടിബറ്റില്‍ നിന്ന് പ്രാര്‍ത്ഥിച്ചാലും അനുഗ്രഹം ലഭിക്കുമെന്നും ദലൈലാമ ബോധ്ഗയയില്‍ പറഞ്ഞിരുന്നു.