ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ അഴിമതി ആരോപണവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിലയന്‍സ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ എന്നിവയാണ് കോണ്‍ഗ്രസ്‌നേതാക്കള്‍ക്ക് നോട്ടീസയച്ചത്. 

കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നു. രാഷ്ട്രീയക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം അവരുടെ ഇഷ്ടത്തിനനുസരിച്ച് നിരുത്തരവാദപരമായി പെരുമാറാമുള്ള ലൈസന്‍സല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗിലിനോട് നോട്ടീസില്‍ പറയുന്നു.

രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് തെറ്റിധരിപ്പിക്കുന്നതും ബാലിശവുമായ കാര്യങ്ങള്‍ പറയാനുള്ള ലൈസന്‍സല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അശോക് ചവാന്‍, സഞ്ജയ് നിരുപം, അനുഗ്രഹ നാരായണ്‍ സിങ്, ഉമ്മന്‍ ചാണ്ടി, ശക്തിസിങ് ഗോലി, അഭിഷേക് മനുസിംഗ്വി, സുനില്‍ കുമാര്‍ ജാഖര്‍, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരേയും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്. റിലയന്‍സിനെതിരെ ഇവര്‍ തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന് നോട്ടീസില്‍ പറയുന്നു. രാഷ്ട്രീയനേട്ടത്തിനായി കമ്പനിയുടെ പ്രതിഛായ കളങ്കപ്പെടുത്തുന്നുവെന്നും ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അതേസമയം നോട്ടീസ് ലഭിച്ചെന്നും അക്കാര്യത്തില്‍ താന്‍ ഭയപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു. കരാറിന്റെ പേരില്‍ 42000 കോടി അധികമായി നല്‍കേണ്ടിവരുന്നതെന്തിനാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച റാഫേല്‍ കരാറിനേക്കാള്‍ അധികം തുകയ്ക്കാണ് മോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റിലയന്‍സിന് വേണ്ടി കരാറില്‍ മാറ്റം വരുത്തിയെന്നാണ് കോണ്‍ഗ്രസ് നിരന്തരമായി ആരോപിക്കുന്നത്. ഇതിനിടെയാണ് നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി റിലയന്‍സ് രംഗത്ത് വന്നിരിക്കുന്നത്.