ന്യൂഡല്‍ഹി: കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതി(വാക്‌സിന്‍ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസമാണ് 'വാക്‌സിന്‍ ഉത്സവം' ആയി ആചരിക്കുന്നത്. 

കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി നാല് നിര്‍ദേശങ്ങള്‍ താന്‍ മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഈ നാല് നിര്‍ദേശങ്ങളും എല്ലാവരും ഓര്‍മയില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാന്‍ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാന്‍ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിര്‍ദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകള്‍ക്ക് വാക്‌സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്‌സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 

കോവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ നിര്‍ദേശം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരില്‍ ആവശ്യമായ അവബോധം ഉണ്ടാക്കാന്‍ ഓരോരുത്തരും തയ്യാറാവണം-അദ്ദേഹം വ്യക്തമാക്കി. ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരാള്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറായാല്‍ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മോദി പറഞ്ഞു.

'മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍' രൂപീകരിക്കുകയാണ് നാലാമത്തെ നിര്‍ദേശം. ഒരു വ്യക്തി കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമുണ്ടായാല്‍ അവിടെ ഒരു മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണ്‍ ഉണ്ടാക്കാന്‍ അയാളുടെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഏറെ ഫലപ്രദമാണ് ഈ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വാക്‌സിന്‍ ഉത്സവത്തിന്റെ നാല് ദിവസങ്ങള്‍ വ്യക്തിഗതമായും സാമൂഹികമായുമുള്ള കടമകള്‍ പാലിച്ച് കോവിഡിനെ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യം നേടിയെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന്  നാമത്  നേടിയെടുക്കുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

Content Highlights: Beginning of another major war against coronavirus, PM Modi on 'Tika Utsav'