ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്കക്ക് പകരമായി അനില്‍ ബലൂണിക്കാണ് ഈ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്.
1997 മുതല്‍ 35 ലോധി സ്റ്റേറ്റ് ബംഗ്ലാവിലാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഈ പാര്‍പ്പിടം ഒഴിയാന്‍ ഭവന, നഗരകാര്യ മന്ത്രാലയം കോണ്‍ഗ്രസ് നേതാവിന് നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയാനാണ് നിര്‍ദേശം.
ഇതിന് പിന്നാലെയാണ് വീടൊഴിയുന്നതിന് മുമ്പായി പുതിയ താമസക്കാരെ പ്രിയങ്ക ചായക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രിയങ്ക കത്തിലൂടെയും ഫോണിലൂടെയും ക്ഷണം നടത്തിയെന്നാണ് വിവരം.
സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നൊഴിഞ്ഞാല്‍ പ്രിയങ്ക ഗുരുഗ്രാമിലുള്ള വീട്ടിലേക്ക് താമസം താത്കാലികമായി മാറും.