ന്യൂഡല്‍ഹി: ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായി ബിബിസി മാതൃകയില്‍ അന്താരാഷ്ട്ര ചാനല്‍ ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രചാനല്‍ തുടങ്ങുന്നത്. 

കഴിഞ്ഞ ആഴ്ച പ്രസാര്‍ ഭാരതി വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുന്നതിനായുളള താല്പര്യപത്രം പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുളള കണ്‍സള്‍ട്ടന്‍സികളെയാണ് പദ്ധതിരേഖ സമര്‍പ്പിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇതുസംബന്ധിച്ചുളള ചര്‍ച്ചകള്‍ പ്രസാര്‍ ഭാരതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രസാര്‍ ഭാരതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ദൂരദര്‍ശന് ആഗോളതലത്തില്‍ ഒരു സാന്നിധ്യം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഡിഡി അന്താരാഷ്ട്ര ചാനല്‍ വിഭാവനം ചെയ്യുന്നതെന്ന് താല്പര്യപത്രത്തില്‍ പറയുന്നുണ്ട്. 

ബിബിസിയെ പോലെ ഒരു യഥാര്‍ഥ ആഗോള ചാനല്‍ ആണ് ദൂരദര്‍ശൻ അന്താരാഷ്ട്ര ചാനലിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ പ്രേക്ഷകരെ മാത്രമല്ല ആഗോളതലത്തിലുളള പ്രേക്ഷകരെ മുഴുവന്‍ ചാനല്‍ ലക്ഷ്യമിടുന്നുണ്ട്. ആഭ്യന്തര-ആഗോള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാത്തരം പരിപാടികളും തുല്യപ്രധാന്യത്തോടെ ചാനലില്‍ അവതരിപ്പിക്കും. 

ആഭ്യന്തര-ആഗോള വാര്‍ത്തകള്‍ നല്‍കുന്ന ഡിഡി ഇന്ത്യയില്‍ നിന്ന് വിഭിന്നമായിരിക്കും ചാനല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്താരാഷ്ട്ര ചാനലിന് ബ്യൂറോകളും റിപ്പോര്‍ട്ടര്‍മാരുമുണ്ടായിരിക്കും. വിവിധ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ പരിപാടികളും ചാനലില്‍ ഇടംപിടിക്കും. 

ബിബിസി, സിഎന്‍എന്‍ അല്ലെങ്കില്‍ ഡിഡബ്ല്യു എന്നിവ ഇന്ത്യയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ ആഗോളതലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മളും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. പ്രസാർഭാരതി മുന്‍ചെയര്‍മാന്‍ എ.സൂര്യപ്രകാശ് പറഞ്ഞു. 

സമാനലക്ഷ്യത്തോടെയുളള ദൂരദര്‍ശന്റെ രണ്ടാമത്തെ ചാനലാണ് ഇത്. ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടുക എന്ന ലക്ഷ്യത്തോടെയാണ് കാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ന്യൂസ് ചാനലായ ഡിഡി ഇന്ത്യ ആരംഭിക്കുന്നത്. ഒരിക്കല്‍ ഡിഡി വേള്‍ഡ് എന്ന് ഇത് പുനര്‍നാമകരണം ചെയ്യുകയുമുണ്ടായി. 

 

Content Highlights:BBC world like DD international Channel