നരേന്ദ്ര മോദി | ഫോട്ടോ: എഎൻഐ
ലണ്ടന്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ കാര്യത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനില്‍ ഓണ്‍ലൈന്‍ പരാതി. ബ്രിട്ടനിലെ പൊതുമേഖലാ സ്ഥാപനമായ ബി.ബി.സി. വരുത്തിയ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച പരാതിയില്‍ മണിക്കൂറുകള്‍ക്കകം 2500-ലേറെപ്പേര്‍ ഒപ്പിട്ടു.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖയടങ്ങുന്ന ഡോക്യുമെന്ററിയാണ് ബി.ബി.സി. സംപ്രേഷണംചെയ്തത്. എന്നാലിത് കാഴ്ചക്കാരെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതിയില്‍ പറയുന്നു. എഡിറ്റോറിയല്‍ നിഷ്പക്ഷത പാലിക്കുന്നതില്‍ ബി.ബി.സി. പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.
ഡോക്യുമെന്ററിയില്‍ ഹിന്ദുവിരുദ്ധത ആരോപിച്ച് ഹിന്ദു ഫോറം ഓഫ് ബ്രിട്ടന് കഴിഞ്ഞയാഴ്ച ബി.ബി.സി. ന്യൂസ് സി.ഇ.ഒ. ഡിബോറ ടര്ണസിന് പരാതിനല്‍കിയിരുന്നു. എന്നാല്‍, എഡിറ്റോറിയല്‍ മാനദണ്ഡങ്ങളനുസരിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നാണ് ബി.ബി.സി.യുടെ നിലപാട്. ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി-2 ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. ഇത് ഇന്ത്യയില്‍ കാണാനാവില്ല.
ലിങ്ക് പങ്കിട്ട് എം.പി.മാര്‍
ന്യൂഡല്‍ഹി: ബി.ബി.സി.യുടെ വിവാദ ഡോക്യുമെന്ററി സാമൂഹികമാധ്യമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ അതിന്റെ ലിങ്ക് പങ്കുവെക്കുന്നത് പ്രതിപക്ഷ എം.പി.മാര്‍ തിങ്കളാഴ്ചയും തുടര്‍ന്നു. കേന്ദ്രത്തിന്റെ സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണിത്.
തൃണമൂല്‍ എം.പി.മാരായ മെഹുവ മൊയ്ത്ര, ഡെറിക് ഒബ്രിയാന്, പ്രിയങ്കാ ചതുര്‍വേദി തുടങ്ങിയവര്‍ ലിങ്ക് പങ്കിട്ടവരിലുള്പ്പെടുന്നു. അതിനിടെ, ഡല്‍ഹി ജെ.എന്‍.യു. കാമ്പസില്‍ വിവാദ ഡോക്യുമെന്ററി ചൊവ്വാഴ്ച രാത്രി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ അറിയിച്ചു. വിദ്യാര്‍ഥി യൂണിയന് ഓഫീസിലാണ് പ്രദര്‍ശനം. എന്നാല്‍, ഇത് അനുവദിക്കാനാവില്ലെന്ന് ജെ.എന്‍.യു. അധികൃതര്‍ പിന്നീടറിയിച്ചു.
Content Highlights: bbc modi documentary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..