ഡല്‍ഹി: ചുട്ടുപൊളളുന്ന വെയിലിലും ചൂടിലും കാല്‍നടയായി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ദിനംപ്രതിയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഏത് ദുരിതവും സഹിച്ച് നാടണയാനുള്ള പ്രയാണത്തിലാണ് ഇവര്‍. യാത്രയ്ക്കിടെ ചെരുപ്പ് പൊട്ടിയിട്ടും ടാര്‍ റോഡിലെ ചൂടില്‍ ചവിട്ടി നടന്നുതളര്‍ന്ന തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നല്‍കി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍. ബിബിസി റിപ്പോര്‍ട്ടര്‍ സല്‍മാന്‍ രവിയാണ് കുടിയേറ്റ തൊഴിലാളിക്ക് തന്റെ ചെരുപ്പഴിച്ച് നല്‍കിയത്.

ഹരിയാനയില്‍ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താര്‍പുറിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡല്‍ഹിയില്‍ വെച്ചാണ് ബിബിസി സംഘം കണ്ടത്. സംസാരത്തിനിടെയാണ് സംഘത്തിലെ ഒരാളുടെ കാലില്‍ ചെരുപ്പ് ഇല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോള്‍ ചെരുപ്പ് പൊട്ടിയെന്നായിരുന്നു മറുപടി. നിങ്ങള്‍ക്ക് കുറേ ദൂരം പോവാനുള്ളതല്ലേ തന്റെ ഷൂ ഇട്ടോളൂ എന്ന് പറഞ്ഞുകൊണ്ട് ഉടന്‍ തന്നെ റിപ്പോര്‍ട്ടര്‍ തന്റെ കാലിലെ ഷൂ അഴിച്ച് തൊഴിലാളിക്ക് നല്‍കി. ചെരിപ്പിടാതെ തന്റെ റിപ്പോര്‍ട്ടിങ് തുടര്‍ന്നു. 

bbc reporter salman raavi

ബിബിസി ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം പങ്കുവെച്ച വീഡിയോയില്‍ ആളുകള്‍ സല്‍മാന്‍ രവിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. റിപ്പോര്‍ട്ടറുടേത് മാതൃകാപരമായ പെരുമാറ്റം ആണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. 

അതേസമയം, സര്‍ക്കാര്‍ ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു തൊഴിലാളികളുടെ പരാതി. പലയിടത്തുനിന്നും പോലീസ് തങ്ങളെ മര്‍ദിക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കുന്നില്ല. പ്രധാനമന്ത്രി ചെയ്യുന്നതെല്ലാം ശരിയാണ്, പക്ഷെ പാവങ്ങളെക്കൂടി ഓര്‍ക്കണമെന്ന് തൊഴിലാളികള്‍ പറയുന്നു.

Content Highlights:  BBC journalist offered his own shoes to a person who was walking barefoot in the summer heat