മോദിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി; വിശദീകരണവുമായി ബിബിസി


PM Narendra Modi. Photo: ANI

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖയടങ്ങുന്ന വിവാദ ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി. വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നും ആരോപണങ്ങളില്‍ മറുപടി പറയാന്‍ അവസരം നല്‍കിയിട്ടും ഇന്ത്യ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായില്ലെന്നും ബിബിസി പറയുന്നു.

ഡോക്യുമെന്ററിക്കായി ഗുജറാത്ത് കലാപം നേരില്‍കണ്ട സാക്ഷികളെയും വിദഗ്ധരെയും സമീപിച്ചിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിബിസി വിശദീകരിച്ചു. ഡോക്യുമെന്ററിക്കെതിരേ വിദേശകാര്യ മന്ത്രാലയം രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ബിബിസിയുടെ പ്രതികരണം.

കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്നും ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, ഡോക്യുമെന്ററിയോട് യോജിക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിലപാട് സുവ്യക്തമാണ്. ദീര്‍ഘകാലമായി തുടരുന്ന ആ സമീപനത്തില്‍ മാറ്റമില്ല -ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാക് വംശജനായ എം.പി. ഇമ്രാന്‍ ഹുസൈന്റെ ചോദ്യത്തിന് മറുപടിയായി സുനക് പറഞ്ഞു

2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിക്ക് തീവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ പടര്‍ന്ന കലാപത്തില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതേപ്പറ്റി അന്വേഷിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് ബി.ബി.സി. ഡോക്യുമെന്ററിയില്‍ പുറത്തുവിട്ടത്. ഇതുവരെ ഇത് പരസ്യപ്പെടുത്തിയിരുന്നില്ല. വംശഹത്യയുടെ സ്വഭാവമുള്ള ആസൂത്രിതമായ ആക്രമണമാണ് ഗുജറാത്തില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പോലീസിനെ നിര്‍വീര്യമാക്കാനും അതുവഴി കലാപകാരികളെ അഴിച്ചുവിടാനും മോദി ഉള്‍പ്പെടെയുള്ളവര്‍ സജീവപങ്കുവഹിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു. ആ സമയത്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ, കലാപകാലത്ത് മോദിയെ അഭിമുഖംചെയ്ത ബി.ബി.സി. ലേഖിക ജില്‍ മഗിവറിങ് തുടങ്ങിയവരുടെ അഭിമുഖം ഡോക്യുമെന്ററിയിലുണ്ട്.

കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന ആരോപണം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ സുപ്രീംകോടതി തള്ളിയത്. മോദിയുടെ നിരപരാധിത്വം വെളിവാക്കുന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു. മോദിയെ കുടുക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപിച്ച് പൗരാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റുചെയ്യുകയുമുണ്ടായി.

ഡോക്യുമെന്ററിയുടെ ലിങ്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതേസമയം, ഇന്ത്യയില്‍ യൂട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ഡോക്യുമെന്ററി വിലക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. മോദിയെക്കുറിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി സീരീസ് കഴിഞ്ഞ ദിവസമാണ് ബിബിസി സംപ്രേഷണം ചെയ്തുതുടങ്ങിയത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ജനുവരി 24-നാണ് സംപ്രേഷണം ചെയ്യുക.

Content Highlights: bbc explanation in controversial documentary against pm modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented