ബിബിസി | Photo :AFP
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും അപ്രത്യക്ഷമായതിന് പിന്നാലെ വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. സീരിസിന്റെ ആദ്യഭാഗം കാണാന്‍ കഴിയുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.
മേക്ക് ഇന്‍ ഇന്ത്യപോലെ ബ്ലോക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയും രാജ്യത്തുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബിബിസിയുടെ ആസ്ഥാനം ന്യൂഡല്‍ഹിയില്‍ ആയിരുന്നെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ഇപ്പോള്‍ പടിവാതില്ക്കല് എത്തിയിട്ടുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മോയിത്രയും ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ഷെയര്‍ചെയ്തു. സെന്‍സര്‍ഷിപ്പാണ് നടക്കുന്നതെന്നും ലക്ഷക്കണക്കിനുപേര്‍ കണ്ട ട്വിറ്റര്‍ ലിങ്ക് ഇപ്പോള്‍ ലഭ്യമല്ലെന്നും മറ്റൊരു ലിങ്ക് മൂന്ന് ദിവസം മാത്രമാണ് ലഭ്യമായതെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.
ഡോക്കുമെന്ററിയെ കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം പുച്ഛിക്കുന്നുവോ ജനങ്ങള്‍ക്ക് അത് കാണാനുള്ള ആകാംക്ഷ അതനുസരിച്ച് വര്‍ധിക്കുമെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.
അതിനിടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. ബിബിസിയാണ് സുപ്രീം കോടതിക്കുപോലും മുകളില്‍ എന്നാണ് പലരും ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന് അകത്തും പുറത്തും നടത്തുന്ന തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ- പ്രക്ഷേപണ മന്ത്രാലയമാണ് യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം നല്‍കിയതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാജ പ്രചാരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഡോക്യുമെന്ററിയുടെ പേരില്‍ മുന്‍ ന്യായാധിപരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളുമടക്കം 300-ലധികം പേര് ബിബിസിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ നിരവധി യു.കെ പൗരന്മാരും വിമര്‍ശനവുമായി രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
Content Highlights: BBC documentary PM Narendra Modi opposition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..