ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനും ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും ഉഗ്രന്‍ ഷോക്ക് നല്‍കുന്ന പ്രഖ്യാപനത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തയ്യാറെടുത്തു കഴിഞ്ഞതായി ആംആദ്മി പാര്‍ട്ടിയുടെ ട്വീറ്റ്. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും എഎപിയും തമ്മില്‍ തീപാറുന്ന പോരാട്ടമായിരിക്കുമെന്ന് കെജ് രിവാളും തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. പഞ്ചാബിന് ഒരു 'പുതിയ പുലരി' വാഗ്ദാനം ചെയ്തതിനൊപ്പം മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുമുട്ടാമെന്ന് പഞ്ചാബിലെ ജനങ്ങളോട് കെജ് രിവാള്‍ അറിയിക്കുകയും ചെയ്തു.

'എല്ലാം തയ്യാറായിക്കഴിഞ്ഞു! ക്യാപ്റ്റനും കോണ്‍ഗ്രസ്സിനും 440 വോള്‍ട്ട് ഷോക്ക് നല്‍കുന്ന മെഗാ പ്രഖ്യാപനം അരവിന്ദ് കെജ് രിവാള്‍ ജി ഇന്ന് നടത്തും'. എഎപിയുടെ ട്വിറ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. പഞ്ചാബിലെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി ലഭ്യമാക്കുമെന്ന കെജ് രിവാളിന്റെ ട്വിറ്റിന് പിന്നാലെയാണ് എഎപിയുടെ ട്വിറ്റ്. 

'ഡല്‍ഹിയിലെ ഓരോ കുടുംബത്തിനും തിരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയ 200 യൂണിറ്റ് വൈദ്യുതി വീതം സര്‍ക്കാര്‍ നല്‍കുന്നു. ഡല്‍ഹിയിലെ ഓരോ കുടുംബത്തിലെയും സ്ത്രീകള്‍ സന്തുഷ്ടരാണ്. അതേസമയം പഞ്ചാബിലെ സ്ത്രീകള്‍ വിലക്കയറ്റത്തെ തുടര്‍ന്ന് വലയുകയാണ്‌. പഞ്ചാബിലെ ഓരോ വീട്ടിലും 200 യൂണിറ്റ് സൗജന്യവൈദ്യുതി എഎപി ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്നു'. കെജ് രിവാള്‍ തിങ്കളാഴ്ച രാത്രി ട്വിറ്റ് ചെയ്തു. 

പഞ്ചാബിലെ അമിത വൈദ്യുതിനിരക്കാണ് എഎപി തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കാന്‍ ലക്ഷ്യമിടുന്നത്. കൂടാതെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിഖ് സമുദായത്തില്‍ നിന്നായിരിക്കുമെന്ന് കെജ് രിവാള്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കെജ് രിവാള്‍ പങ്കെടുക്കാനിരുന്ന വാര്‍ത്താസമ്മേളനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി എഎപി ആരോപിച്ചു. ക്യാപ്റ്റന്‍ അമരീന്ദര്‍ കെജ്രിവാളിനെ ഭയപ്പെടുത്തുന്നതിനാലാണ്  സന്ദര്‍ശന അനുമതി നിഷേധിച്ചതെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ട്വീറ്റിലൂടെ പരിഹസിച്ചു. എന്നാല്‍ അനുമതി നല്‍കിയില്ലെന്ന വാര്‍ത്ത അമരീന്ദര്‍ നിഷേധിച്ചു. വേണമെങ്കില്‍ കെജ് രിവാളിന് വിരുന്നൊരുക്കാനും താന്‍ തയ്യാറാണെന്ന് അമരീന്ദര്‍ പ്രതികരിച്ചു. 'എപ്പോഴും നുണ മാത്രം പറയുന്ന ഒരാള്‍' എന്നാണ് അമരീന്ദര്‍ കെജ് രിവാളിന്  നല്‍കിയിരിക്കുന്ന വിശേഷണം. 

Content Highlights: Battle lines between the ruling Congress and the AAP Punjab Assembly Election