നിയുക്ത കരസേനാ മേധാവി മനോജ് പാണ്ഡേ, വ്യോമസേനാ മേധാവി വിവേക് റാം ചൗധരി, നാവികസേനാ മേധാവി ഹരികുമാർ| Photo: ANI
ന്യൂഡല്‍ഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ മനോജ് സി. പാണ്ഡേ ചുമതല ഏല്‍ക്കുന്നതോടെ രാജ്യത്തിന്റെ സേനാനേതൃത്വത്തില് കൗതുകകരമായ ഒരു യാദൃച്ഛികത കൂടി കടന്നുവരും. ബാച്ച്മേറ്റുകളായ മൂന്നുപേര്‍ ഒരേസമയം രാജ്യത്തിന്റെ മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാരാകുന്നു എന്നതാണ് ഈ കൗതുകം.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ബാച്ച്മേറ്റുകളായിരുന്നു നിയുക്ത കരസേനാ മേധാവി മനോജ് പാണ്ഡെയും നാവികസേനാ മേധാവി ഹരികുമാറും വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും. ഖടക്വാസല എന്‍.ഡി.എ. അക്കാദമിയിലെ 61-ാം ബാച്ചില്‍ ഉള്‍പ്പെട്ടവരാണ് മൂന്നുപേരും. ഹരികുമാറും വിവേക് റാം ചൗധരിയും എന്‍.ഡി.എയില്‍ ഒരേ കോഴ്സ് ആയിരുന്നു പഠിച്ചിരുന്നതെന്നും ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. എന്‍.ഡി.എ. ലിമ സ്ക്വാഡ്രണില്നിന്നായിരുന്നു പാണ്ഡേ. ജൂലിയറ്റ് സ്ക്വാഡ്രണില്നിന്നുള്ളവരാണ് മറ്റു രണ്ടുപേരും.
ഇതാദ്യമായല്ല, എന്‍.ഡി.എയിലെ സഹപാഠികള്‍ സേനാനേതൃത്വത്തിലെത്തുന്നത്. നേരത്തെ നാവികസേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ്, കരസേനാ മേധാവി മനോജ് നരവണെ എന്നിവര്‍ ഒരേസമയം സേനാനേതൃത്വത്തിലെത്തിയപ്പോഴും ഈ യാദൃച്ഛികത സംഭവിച്ചിരുന്നു. രാജ്യത്തിന്റെ 29-ാമത് കരസേനാ മേധാവിയായി മേയ് ഒന്നിനാണ് മനോജ് പാണ്ഡേ ചുമതലയേല്‍ക്കുന്നത്.
Content Highlights: batchmates to military chiefs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..