ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സമവായ ശ്രമങ്ങളുടെ ഭാഗമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച സമിതി ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരം ഏഴരയോടെയാണ് കൂടിക്കാഴ്ച്ച നടത്തുകയെന്നാണ് വിവരം.

ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തുന്നതിന് ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതിയെ നിയോഗിച്ചത്. ചീഫ് ജസ്റ്റിസുമായി വൈകുന്നേരം കൂടിക്കാഴ്ച്ച നടത്തുന്ന സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരുമായും ചര്‍ച്ച നടത്തും. 

പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി ബാര്‍ അസോസിയേഷനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നോ നാളെയോ ഫുള്‍കോര്‍ട്ട് വിളിച്ച് പരിഹാരം തേടണമെന്നാണ് ബാര്‍ അസോസിയേഷന്റെ ആവശ്യം. മുഴുവന്‍ പൊതുതാല്‍പര്യ ഹര്‍ജികളും ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിര്‍ന്ന നാല് അംഗങ്ങള്‍ അധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സമവായ ശ്രമങ്ങളും ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാന്‍ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് തിരികെപ്പോവുകയായിരുന്നു.