ന്യൂഡല്‍ഹി: സുപ്രീംകോടതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ രംഗത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതി രൂപവത്കരിച്ചു. ന്യായാധിപരുമായി ഏഴംഗ സമിതി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തുകയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ നടക്കുന്ന നീക്കങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഇത്തരം നീക്കങ്ങളില്‍നിന്ന് എല്ലാവരും പിന്മാറണം. ജുഡീഷ്യറിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ആരും ശ്രമിക്കരുത്. രാജ്യത്തെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ അടിയുറച്ച വിശ്വാസമാണുള്ളതെന്നും മനന്‍ കുമാര്‍ മിശ്ര വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി നീതിന്യാസ സംവിധാനം സംരക്ഷിച്ചില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്ന് തുറന്നടിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍,, കുര്യന്‍ ജോസഫ് എന്നിവര്‍ വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ നിര്‍ത്തിവച്ചാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. സുപ്രീം കോടതി കുറച്ചു കാലമായി ശരിയല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്നും മുതിര്‍ന്ന ന്യായാധിപന്മാര്‍ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടല്‍.