സീതാറാം യെച്ചൂരി| Photo: Mathrubhumi
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതില്‍ പ്രതികരണവുമായി സി.പി.എം. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍.എസ്.എസിന്‍റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ വ്യക്തമാകുന്നതാണെന്ന് സി.പി.എം പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും സി.പി.എം. പോളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുകയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.). ഈ തീവ്രമായ രീതികളെ സിപിഎം എക്കാലത്തും ശക്തമായി എതിര്‍ക്കുകയും പി.എഫ്.ഐയുടെ അക്രമപ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, യു.എ.പി.എ. പ്രകാരം ഒരു നിയമവിരുദ്ധ സംഘടനയായി പി.എഫ്.ഐയെ പ്രഖ്യാപിക്കുന്നത് ഈ പ്രശ്നത്തിനുള്ള പോംവഴിയല്ലെന്ന് സി.പി.എം. വ്യക്തമാക്കി.
നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല എന്നത് ആര്‍.എസ്.എസിന്‍റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ വ്യക്തമാകുന്നതാണ്. നിയമവിരുദ്ധമോ, അക്രമാസക്തമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴെല്ലാം പി.എഫ്.ഐക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ നടപടിയുണ്ടാകണം. വിഭാഗീയതയുടെയും ഭിന്നിപ്പിന്‍റെയും പ്രത്യയശാസ്ത്രം കൈമുതലായുള്ള പോപ്പുലര്‍ ഫ്രണ്ടിനെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി എതിര്‍ക്കുകയും വേണം.
വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി.എഫ്.ഐയും ആര്‍.എസ്.എസും കേരളത്തിലും കര്‍ണാടകത്തിലുമായി കൊലപാതകങ്ങളിലും അതിന്‍റെ പ്രതികാരങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ അംഗമായുള്ളവരും ഒട്ടനവധി മതേതരവാദികളുടെയും എഴുത്തുകാരുടെയും അരുംകൊലകള്‍ക്ക് പിന്നിലുണ്ട്.
ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള വര്‍ഗീയ ശക്തികളെയെല്ലാം തന്നെ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയ്ക്കനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചുകൊണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുക എന്നതായിരിക്കണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേറിയവരുടെ പ്രധാന കടമയെന്നും സിപിഎം വ്യക്തമാക്കി.
Content Highlights: Banning organisations like RSS, Maoists were not effective in the past: CPM on PFI ban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..