പ്രതീകാത്മകചിത്രം | Photo : Reuters
ന്യൂഡല്‍ഹി: 8.5 ലക്ഷത്തോളം വരുന്ന ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തില്‍ 15 ശതമാനം വര്‍ധന അംഗീകരിക്കുന്ന കരാറില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും വിവിധ തൊഴില്‍ യൂണിയനുകളും ഒപ്പു വെച്ചു. മുന്‍കാല പ്രാബല്യത്തോടെ പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് പ്രയോജനപ്രദമാകുന്ന വര്‍ധന ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേയും വിദേശബാങ്കുകളിലേയും ജീവനക്കാര്‍ക്ക് കൂടി ലഭ്യമാകും.
ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ്സ് (പിഎല്‍ഐ) സ്കീം അവതരിപ്പിച്ചതായും ഐബിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പിഐഎല്‍ നിലവില്‍ വരുമെന്ന് ഐബിഐ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വ്യക്തിഗത ലാഭവിഹിതം കണക്കിലെടുത്താണ് ഇന്‍സെന്റീവുകള്‍ നല്‍കുന്നത്. സ്വകാര്യ / വിദേശ ബാങ്കുകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പിഎല്‍ഐ പദ്ധതി നടപ്പിലാക്കാവുന്നതാണ്.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഉഭയകക്ഷി കരാറില്‍ അഞ്ച് കൊല്ലത്തിലൊരിക്കല് വേതനം പുതുക്കി നിശ്ചയിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തിലുള്ള വിവിധ വ്യവസ്ഥകള്‍ക്കും കരാര്‍ അംഗീകാരം നല്‍കുന്നുണ്ട്. 90-കളില്‍ ബാങ്കുകളിളില്‍ നടപ്പാക്കിയ കമ്പ്യൂട്ടര്‍വത്ക്കരണം ഇത്തരത്തിലൊരു തൊഴില്‍ കരാറിന്റെ ഭാഗമായിരുന്നു. ഇരു കക്ഷികളും തമ്മില്‍ നേരത്തെയുണ്ടായിരുന്ന കരാര്‍ കാലാവധി 2017-ല്‍ അവസാനിച്ചിരുന്നു.
2017 നവംബര്‍ ഒന്ന് മുതല്‍ അഞ്ച് കൊല്ലത്തേക്കാണ് കരാര്‍ കാലാവധി. കരാര്‍ തുടങ്ങുന്ന ദിവസം മുതല്‍ വേതനവര്ധവിന്റെ ആനുകൂല്യം ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്ന് ഐബിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ മേത്ത വ്യക്തമാക്കി. യുഎഫ്ബിയു, ബികെഎസ്എം എന്നിവരും കരാറില്‍ സഖ്യകക്ഷികളായി ഒപ്പു വെച്ചിട്ടുണ്ടെന്ന് ഐബിഎ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Bank employees to get 15% salary hike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..