ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അക്രമികള്‍ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെ രണ്ട് സൈന്‍ പോസ്റ്റുകള്‍ നശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി കമ്‌റുള്‍ അഹ്‌സാന്‍ ബംഗ്ലാദേശ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തി അധിക സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

ഗുവാഹാട്ടിയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ ഷാ മുഹമ്മദ് തന്‍വീര്‍ മന്‍സൂറിന്റെ സുരക്ഷാ വാഹനമാണ് പ്രതിഷേധക്കാര്‍ ബുധനാഴ്ച ആക്രമിച്ചത്. 

ഡല്‍ഹിയില്‍ നിന്ന് ഗുവാഹാട്ടി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തെയാണ് അക്രമിച്ചതെന്നും തന്‍വീര്‍ മന്‍സൂറിന്റെ വാഹനമല്ല അക്രമിക്കപ്പെട്ടതെന്നുമാണ് റിപ്പോട്ടുകള്‍.

Content Highlights: Bangladesh protests after convoy of envoy attacked in Assam