ന്യൂഡല്‍ഹി: പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. 

ഫേസ്ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഉള്‍പ്പെടെ 13ഓളം മരുന്നുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കേര്‍പ്പെടുത്തി നിരോധനം പിന്‍വലിച്ചതായി സഭയില്‍ രേഖാമൂലം മന്ത്രി വ്യക്തമാക്കി. 

അതേസമയം പരിശോധന കിറ്റുകള്‍, എന്‍-95, എഫ്എഫ്പി2 മാസ്‌കുകള്‍ എന്നിവയുടെ കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അളവ് നിയന്ത്രിക്കും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാജ്യത്ത് ലഭ്യത ഉറപ്പാക്കിയതിന് ശേഷം അധികം വരുന്നവ കയറ്റുമതി ചെയ്യാനാണ് തീരുമാനമെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Ban on export of PPE coveralls, hydroxychloroquine, sanitizers lifted