ബാലി: കോളേജ് ഫീസിന് പകരം ഇനി നാളികേരവും നല്‍കാം.. കേട്ട് അമ്പരക്കാന്‍ വരട്ടെ, കാര്യം ഇതാണ്. കോവിഡ് കാലത്തെ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ബാലിയിലെ ഒരു കോളേജ് ആണ് ഈ സൗകര്യം ഒരുക്കിയത്. 

നാളികേരമോ മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങളോ ഫീസിന് പകരം കോളേജില്‍ നല്‍കാമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ബാലിയിലെ വീനസ് വണ്‍ ടൂറിസം അക്കാദമി ആണ് വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയത്. 

ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന നാളികേരം എണ്ണയാക്കി മാറ്റുമെന്ന് അക്കാദമി അധികൃതര്‍ വ്യക്തമാക്കി. നാളികേരത്തിന് പുറമേ മുരിങ്ങ ഇല, ബ്രഹ്മി തുടങ്ങിയ ഇലകളും ഫീസിന് പകരം കോളേജ് ശേഖരിക്കും. പിന്നീട് കോളേജ് അധികൃതര്‍ തന്നെ ഇവയെ ആയുര്‍വേദ ഉത്പന്നങ്ങളാക്കി മാറ്റി വില്‍പ്പന നടത്തും. 

വിദ്യാര്‍ഥികളുടെ സംരഭകത്വശീലം വളര്‍ത്താന്‍ കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. 

ബാലിയിലെ പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Content Highlights: Bali college allows students hit by economic slowdown to pay fees in coconuts