സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ വാർത്താസമ്മേളനത്തിനിടെ | Photo:PTI
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ ഗംഗയിലേക്ക് എറിയുമെന്ന് താരങ്ങള്‍ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുടെ പ്രസ്താവന.
രാജ്യത്തിനായി പൊരുതി നേടിയതാണ് മെഡലുകളെന്ന് താരങ്ങള്‍ പറഞ്ഞു. അത് പവിത്രമാണ്. മെഡലുകള്‍ ഗംഗയില്‍ കളഞ്ഞതിന് ശേഷം ജീവിച്ചിട്ട് കാര്യമില്ല. തുടര്‍ന്ന് ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം ഇരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളെ പെണ്‍മക്കള്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തങ്ങളോട് കരുതല്‍ കാണിച്ചില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. അതേസമയം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് അദ്ദേഹം ബ്രിജ് ഭൂഷണ്‍ സിങിനെ ക്ഷണിച്ചതായും താരങ്ങള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്നപോലെയാണ് പോലീസ് പെരുമാറിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍,സ്വമേധയാ മുറിവേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയിരുന്നു.
Content Highlights: Bajrang Punia, Sakshi Malik and Vinesh Phogat say they’ll throw medals in Ganga


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..