മുംബൈ: മുംബൈയിലെ മിറ റോഡില്‍ സ്‌കൂളില്‍ തീവ്ര ഹിന്ദു സംഘടനയായ ബജ്‌റംഗ് ദള്‍ ആയുധപരിശീലന ക്യാമ്പ് നടത്തിയതായി ആരോപണം. കഴിഞ്ഞ മാസം നടന്ന ക്യാമ്പില്‍ തോക്കുകള്‍ ഉപയോഗിച്ച്  പരിശീലനം നടത്തിയതായാണ് ആരോപണം. പരിശീലനത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ക്യാമ്പിന്റെ ചിത്രങ്ങള്‍ സഹിതം നവ്ഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.

ബി.ജെ.പി എം.എല്‍.എ നരേന്ദ്ര മെഹ്തയുടെ ഉടമസ്ഥതയിലുള്ള സെവന്‍ സ്‌കോര്‍ അക്കാദമിയിലാണ് ആയുധ പരിശീലനം നടന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. എന്ത് തരത്തിലുള്ള അപകടം ഇല്ലാതാക്കാനാണ് ഇത്തരം പരിശീലനം അംഗങ്ങള്‍ക്ക് നല്‍കുന്നതെന്ന് ബജ്‌റംഗ്ദള്‍ വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ അംഗം സാദിഖ് ബാദ്ഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ഡി.വൈ.എഫ്.ഐ തീരുമാനമെന്നും ബാദ്ഷ വ്യക്തമാക്കി. സ്‌കൂളിന് മുന്നിലേക്ക് സി.പി.എം, ഡി.വൈ.എഫ്.ഐ, എ.എ.പി എന്നീ സംഘടനകള്‍ സംയുക്തമായി മാര്‍ച്ച് നടത്തി. 

എന്നാല്‍ ക്യാമ്പ് തങ്ങളുടെ പതിവ് പരിശീലനം മാത്രമാണെന്നാണ് ബജ്രംഗ്ദള്‍ നിലപാട്. ഓട്ടവും ചാട്ടവും യോഗയും പോലുള്ള പരിശീലനങ്ങള്‍ മാത്രമാണ് ക്യാമ്പില്‍ നടക്കുന്നത്. ഇത് ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ ഹിന്ദു സംഘടനകള്‍ക്ക് നേരെ ഉണ്ടാവുന്ന പതിവ് ആരോപണം മാത്രമാണെന്നും പരിപാടിയുടെ സംഘാടകനായ സന്ദീപ് ഭഗത് വ്യക്തമാക്കി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

content highlights: Bajrang Dal, BJP, DYFI, CPIM, Arms-Training Camp, Mumbai School