കങ്കണ റണാവത്ത് | Photo - ANI
മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി കങ്കണ റണാവത്തിനെതിരെ മുംബൈയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോപോളിറ്റണ് മജിസ്ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ അവര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് മജിസ്ട്രേറ്റ് ആര്. ആര്. ഖാന് അവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
നടിക്ക് സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്ന് അവരുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖി വാദിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ കങ്കണയ്ക്കെതിരെ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടത്. നടിയുടെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.
ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ നടി കങ്കണ റണാവത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ഗാനരചയിതാവ് ജാവേദ് അക്തറുടെ പരാതി. നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ഒരു സംഘത്തിന്റെ മോശമായ പ്രവര്‍ത്തനത്തെപ്പറ്റി കങ്കണ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസ് മാര്‍ച്ച് 26 ന് വീണ്ടും പരിഗണിക്കും.
Content Highlights: Bailable warrent against Kangana Ranaut on Javed Akther's complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..