ജയ ബച്ചൻ, ഐശ്വര്യാ റായ് | Photo: PTI
ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്കെതിരെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് സമാജ്വാദി പാര്‍ട്ടി എം.പി ജയ ബച്ചന്. ബി.ജെ.പിയുടെ മോശം ദിവസങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജയ രാജ്യസഭയില്‍ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ജയ ബി.ജെ.പിയ്ക്കെതിരെ പൊട്ടിത്തെറിച്ചത്.
മയക്കുമരുന്ന് നിയമന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ആര്‍ക്കെതിരെയും പ്രത്യക്ഷമായി ഒന്നും പറയാതിരുന്ന ജയ ഭരണപക്ഷത്തെ ആക്രമിച്ചാണ് സംസാരിച്ചത്. സ്പീക്കര്‍ തന്റെ പരാതികള്‍ കേള്‍ക്കുന്നില്ലെന്നും ജയ ആരോപിച്ചു.
ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് വാക്പോര് ആരംഭിച്ചത്. നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്നും ജയ ഭരണപക്ഷത്തിന് നേരെ നോക്കി പറഞ്ഞു.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഭയില്‍ ഉയര്‍ന്നതായി ജയ ബച്ചന് സ്പീക്കറോട് പരാതി പറഞ്ഞു. താന്‍ ആര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ ബച്ചന് പറഞ്ഞു.
ജയ ബച്ചനും ഭരണപക്ഷ എം.പി മാരും തമ്മിലുള്ള വാക്പോരിനെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തില്‍ സഭ ഇന്ന് നേരത്തെ പിരിഞ്ഞു.
'പാനമ പേപ്പറു'കളിലൂടെയുള്ള വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇ.ഡി. ഐശ്വര്യയെ ചോദ്യംചെയ്തത്. ഡല്‍ഹിയില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്വേഷണ ഏജന്‍സി ഐശ്വര്യയുടെ മൊഴി രേഖപ്പെടുത്തി.
വിദേശരാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തിയെന്ന ആരോപണത്തെ കുറിച്ച് ഐശ്വര്യയോട് ഇ.ഡി. വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യക്ക് മുന്‍പ് രണ്ടുതവണ ഇ.ഡി. സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ ഐശ്വര്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
Content Highlights: Bahu Aishwarya grilled by ED over Panama Papers case, Jaya Bachchan loses cool in Parl
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..