ലഖ്നൗ (യു.പി): കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 50 വയസുള്ള അങ്കണവാടി ജീവനക്കാരി വൈകീട്ട് ഒറ്റയ്ക്ക് പുറത്തിറങ്ങാതിരുന്നുവെങ്കില്‍ ബദായൂണ്‍ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം. ബദായൂണില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി വിവാദ പരാമര്‍ശം നടത്തിയത്.
എത്ര അത്യാവശ്യം ഉണ്ടെങ്കിലും സ്ത്രീകള്‍ സമയത്തെപ്പറ്റി ചിന്തിക്കുകയും അസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വേണം. വൈകീട്ട് അവര്‍ ഒറ്റയ്ക്ക് പുറത്തിറങ്ങി സഞ്ചരിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നു. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കൊപ്പം പോകാന്‍ തയ്യാറായിരുന്നുവെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ രംഗത്തെത്തി. ഇത്തരം പരാമര്‍ശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. സ്ത്രീകള്‍ക്ക് ഏത് സമയത്തും എവിടെയും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ എല്ലാ അവകാശവുമുണ്ടെന്നും രേഖാ ശര്‍മ പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശത്തില്‍ കമ്മീഷന്‍ അധ്യക്ഷ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി പൂജാഭട്ട് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
No I don't..I don't know how and why the member has said this but women have all the right move on their will whenever and wherever they want to. It's society and state's duty to make places safe for women. https://t.co/WlG2DWs20G
— Rekha Sharma (@sharmarekha) January 7, 2021
അങ്കണവാടി വര്‍ക്കറായ 50 വയസുള്ള സ്ത്രീ വൈകീട്ട് ആറോടെ സ്വന്തം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പോയപ്പോഴാണ് ഞായറാഴ്ച ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തില്‍ പോയ സ്ത്രീ മണിക്കൂറുകള്‍ കഴിഞ്ഞും തിരിച്ചു വരാഞ്ഞതോടെ ബന്ധുക്കള്‍ സഹായംതേടി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് അവരെ തിരിച്ചയ്ക്കുകയാണ് ചെയ്തത്.
രാത്രി 11.30 ഓടെ മൂന്നുപേര്‍ സ്ത്രീയുടെ മൃതദേഹം അവരുടെ വീടിനടുത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞു. ക്ഷേത്രത്തിലെ പുരോഹിതന്‍ ബാബ സത്യനാരായണ്‍, പുരോഹിതന്റെ ശിഷ്യനായ വേദ്‌റാം, ഡ്രൈവര്‍ ജസ്പാല്‍ എന്നിവരാണ് മൃതദേഹം ഉപേക്ഷിച്ചു കടന്നതെന്നാണ് സ്ത്രീയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ യുപി ഡിജിപിക്ക് കത്തയച്ചിരുന്നു. കേസെടുക്കാന്‍ വൈകിയെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.
Content Highlights: Badaun incident could be avoided if woman didn't gone out in the evening - NCW member