അവിവാഹിതരായ ചെറുപ്പക്കാർ നടത്തിയ മാർച്ച് | Photo: Screen grab/ Twitter video by @SHUBHAM06274441
സോലാപൂര്‍ (മഹാരാഷ്ട്ര): സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ അവിവാഹിതരായ ചെറുപ്പക്കാരുടെ മാര്‍ച്ച്. സോലാപൂരില്‍ വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് ' ബ്രൈഡ് ഗ്രൂം മോര്‍ച്ച' എന്ന പേരില്‍ മാര്‍ച്ച് നടത്തിയത്. പെണ്ണിനെ വേണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം എന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീ - പുരുഷാനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം എന്നും അതിനായി പെണ്‍ ഭ്രൂണ ഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്തേറിയാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു.
ഈ മാര്‍ച്ചിനെ ആളുകള്‍ പരിഹസിച്ചേക്കാം. പക്ഷെ സ്ത്രീ-പുരുഷാനുപാതത്തിലെ ഇടിവ് മൂലം വിവാഹ പ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകനായ രമേഷ് ഭാസ്‌കര്‍ പറഞ്ഞു.
1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീ എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ സ്ത്രീ - പുരുഷ അനുപാതം എന്ന് രമേഷ് പറഞ്ഞു. പെണ്‍ ഭ്രൂണ ഹത്യയാണ് ഈ അന്തരത്തിന് കാരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും രമേഷ് ആരോപിച്ചു.
Content Highlights: Bachelors' March, Maharashtra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..