പട്‌ന: രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. കണ്ണു നനയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വേറെ. ഇതുപോലെ ഹൃദയഭേദകമായ ഒരു കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് ദേശീയ മാധ്യമങ്ങള്‍. റെയില്‍വേ സ്റ്റേഷനില്‍ ജീവനറ്റു കിടക്കുന്ന അമ്മയുടെ പുതപ്പ് വലിച്ച് അമ്മയെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചെറിയ കുട്ടിയാണ് കാഴ്ചയില്‍. 

ബിഹാറിലെ മുസാഫര്‍പുരില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. തൊഴിലാളികള്‍ക്കുള്ള ശ്രമിക് ട്രെയിനില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ് അമ്മയും കുഞ്ഞും ബന്ധുക്കളും. പട്ടിണിയും നിര്‍ജലീകരണവും ഒപ്പം കടുത്ത ചൂടും കൂടിയതോടെയാണ് സ്ത്രീ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മൃതശരീരം മൂടിയിരുന്ന തുണി വലിച്ച് അമ്മയെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് മകന്‍. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 

ഗുജറാത്തില്‍നിന്നാണ് സ്ത്രീയും കുട്ടിയുമുള്‍പ്പെടുന്ന സംഘം എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ത്രീയുടെ ആരോഗ്യസ്ഥിതി വഷളായി തുടങ്ങിയിരുന്നു. അതേ അവസ്ഥയിലാണ് ഇവര്‍ ട്രെയിനില്‍ ബിഹാറിലേക്ക് പുറപ്പെട്ടത്. എന്നാല്‍ മുസാഫര്‍നഗര്‍ സ്റ്റേഷനില്‍ എത്തുന്നതിന് കുറച്ച് മുന്‍പ് സ്ത്രീ കുഴഞ്ഞുവീണു മരണപ്പെട്ടു. ഇവരുടെ മൃതദേഹം പ്ലാറ്റ്‌ഫോമില്‍ കിടത്തിയിരുന്നപ്പോഴുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. 

അതേദിവസം, മുസാഫര്‍നഗര്‍ സ്റ്റേഷനില്‍ രണ്ട് വയസ്സുള്ള ഒരു കുട്ടിയും മരണപ്പെട്ടിരുന്നു. ഭക്ഷണം ലഭിക്കാതെ തളര്‍ന്നാണ് കുട്ടി മരണപ്പെട്ടതെന്ന് കുടുംബം പറഞ്ഞു. 

ലോക്ക് ഡൗണില്‍ കുടുങ്ങിയതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് പട്ടിണിയും ചൂടും ദുരിതവും സഹിച്ച് നടന്നും ഓടിയും സൈക്കിളിലുമായി നാടുകളിലേക്ക് തിരിച്ചത്. പലര്‍ക്കും യാത്രയ്ക്കിടെ ജീവന്‍ വരെ നഷ്ടമായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി മെയ് ആദ്യവാരം മുതലാണ് കേന്ദ്രം ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിച്ചത്. എന്നാല്‍ പലയിടത്തും ട്രെയിനില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ വിതരണം ചെയ്തിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസ് വരെ റെക്കോര്‍ഡ് ചെയ്ത കൊടും ചൂട് നാട്ടിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്ക് ദുരിതം മാത്രമാണ് നല്‍കുന്നത്.

Video Courtesy-NDTV

Content Highlights: Baby Tries To Wake Dead Mother At Station In Unending Migrant Crisis