ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ സംഹാര താണ്ഡവമാടുന്നതിനിടെ അവിടുത്തെ റെയില്‍വെ ആശുപത്രിയില്‍ ഒരു കുഞ്ഞ് പിറന്നു. രാവിലെ 11.03 നായിരുന്നു ജനനം. ഡോക്ടര്‍മാരും റെയില്‍വെ അധികൃതരും ഒരേസ്വരത്തില്‍ കുഞ്ഞിന് പേര് നിര്‍ദ്ദേശിച്ചു - ഫോനി.

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മഞ്ചേശ്വറിലുള്ള കോച്ച് റിപ്പയര്‍ വര്‍ക്ക് ഷോപ്പിലെ ഹെല്‍പ്പറായ 32 വയസുള്ള റെയില്‍വെ ജീവനക്കാരിയുടെ കുഞ്ഞാണ് അവള്‍.

അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെയ്‌സ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. റെയില്‍വെ ആശുപത്രിക്ക് പുറത്ത് ഫോനി ആഞ്ഞു വീശുന്നതിനിടെ ഡോക്ടര്‍മാര്‍ മനസാന്നിധ്യം കൈവിടാതെയാണ് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രവര്‍ത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച രാവിലെയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നത്. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിക്കും നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റ് ഭീതി വിതച്ച് വീശിയടിച്ച സമയത്താണ് പെണ്‍കുഞ്ഞിന്റെ ജനനം. അതിനിടെ, പാമ്പിന്റെ പത്തിയെന്ന് അര്‍ഥമുള്ള ബംഗ്ലാ ഭാഷയിലെ ഫോനി എന്ന പേര് കുട്ടിക്ക് നല്‍കുന്നതിനോട് മാതാപിതാക്കള്‍ യോജിക്കുമോയെന്ന് വ്യക്തമല്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപാത്ര വാര്‍ത്താ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 11 ലക്ഷം പേരെയാണ്  മാറ്റിപ്പാര്‍പ്പിച്ചത്. ഗര്‍ഭിണികളായ 600 ഓളം സ്ത്രീകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

Content Highlights: Cyclone Fani, Baby Girl, Odisha