കൊല്‍കത്ത: പരിസ്ഥിതി മന്ത്രാലയത്തിലെ സഹമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 'രാഷ്ട്രീയത്തില്‍ നിന്ന് വിട പറഞ്ഞ്' രണ്ട് മാസങ്ങള്‍ക്ക് ശേഷം ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. താന്‍ ഇനി ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും കേന്ദ്രമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം ബാബുല്‍ സുപ്രിയോ പറഞ്ഞിരുന്നു. പിന്നീട് താന്‍ ഒരു പാര്‍ലമെന്റ് അംഗമായി തുടരുമെന്ന് തിരുത്തിപ്പറയുകയും ചെയ്തിരുന്നു.

മേയ് മാസത്തില്‍ നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ അധികാരം നിലനിര്‍ത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് സുപ്രിയോ.

ജൂലൈയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായതിന് ശേഷം ബബുല്‍ സുപ്രിയോ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച ദിവസം 'ഞാന്‍ തീര്‍ച്ചയായും എന്നെക്കുറിച്ചോര്‍ത്ത് ദുഖിക്കുന്നു,' എന്ന് സുപ്രിയോ ട്വീറ്റ് ചെയ്തിരുന്നു. പീന്നീട് കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോസ്റ്റ് തിരുത്തുകയും യാതൊരു അഴിമതിയും നടത്താതെ ഏറ്റെടുത്ത ജോലി അവസാനിപ്പിച്ച് പടിയിറങ്ങുകയാണെന്ന് കുറിക്കുകയുമായിരുന്നു. 

Content Highlights: Babul Supriyo joins trinamool congress