ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയെയും പാകിസ്താനിലെ ജനങ്ങളെയും ആശങ്കയിലാക്കിയ വാര്‍ത്തയ്ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മലയാളി അയച്ച കത്തെന്ന് റിപ്പോര്‍ട്ടുകള്‍. തനിക്ക് അതിന്ദ്രീയ ജ്ഞാനമുണ്ടെന്നും ഡിസംബര്‍ 31നുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പമുണ്ടാവുമെന്നുമുള്ള മലയാളിയായ ബാബു കലയിലിന്റെ അവകാശവാദമാണ് പാകിസ്താനിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്. പാക് ചാര സംഘടനയായ ഐഎസ്‌ഐ കൂടി ഈ അവകാശവാദത്തിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയതോടെയാണ് പാകിസ്താനിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായത്.

'ചാരസംഘടനയായ ഐ.എസ്.ഐയുടെ ഡയറക്ടര്‍ ജനറല്‍ നല്‍കിയ വിവരമനുസരിച്ച് സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു വമ്പന്‍ ഭൂകമ്പമുണ്ടാക്കും എന്നാണ് പാകിസ്താന്‍ ഇ.ആര്‍.ആര്‍.എ (Earthquake Reconstruction And Rehabilitation Authority) കഴിഞ്ഞ ദിവസം പരസ്യമായ മുന്നറിയിപ്പ് നല്‍കിയത്.

ഏഷ്യ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാകിസ്താനിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞത്. ഭൂകമ്പത്തെ നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. അമേരിക്കയിലെ മുന്‍ പാകിസ്താന്‍ അംബാസിഡര്‍ ഹുസൈന്‍ ഹഖ്വാനി അടക്കമുള്ളവര്‍ ഇതിനെ പരിഹസിച്ചു കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

babu kalayil
ബാബു കലയില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത്

എന്നാല്‍ ഇന്ത്യക്കാരനായ ബാബു കലയിലിന്റെ അവകാശവാദമാണ് ഐഎസ്‌ഐ ഗൗരവമായെടുത്തതെന്നാണ് പാകിസ്താന്‍ പ്രസിദ്ധീകരണമായ ദി എക്‌സ്പ്രസ് ട്രിബ്യൂണും ബിബിസിയും പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡിസംബര്‍ 31നുള്ളില്‍ വന്‍ ഭൂകമ്പമുണ്ടാവുമെന്ന് ചൂണ്ടിക്കാണിച്ച്  ബാബു കലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സെപ്റ്റംബര്‍ 20നയച്ച കത്താണ് ചാരസംഘടനയായ ഐഎസ്‌ഐ രഹസ്യ വിവരമായി എടുത്ത് ജാഗ്രതാ നിര്‍ദേശം പാകിസ്താനില്‍ പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യന്‍ മാധ്യമങ്ങളോ ഗൗനിക്കാതെ  ചിരിച്ചു തള്ളിയ  പ്രവചനമാണ് പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ  ഗൗരവത്തിലെടുത്തതും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയതെന്നും ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.