മഹുവ മൊയ്ത്ര, ബാബാ രാംദേവ് | Photo: ANI, PTI
കൊല്‍ക്കത്ത: വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന യോഗഗുരു ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര രംഗത്ത്. തലച്ചോറിന്റെ പ്രശ്നംമൂലം രാംദേവിന്റെ കാഴ്ച ശരിയായ രീതിയിലല്ലെന്ന് മഹുവ പരിഹസിച്ചു.
2011ല്‍ രാംലീല മൈതാനത്തുനിന്നും രാംദേവ് സ്ത്രീവേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് എന്തിനാണെന്ന് തനിക്ക് മനസ്സിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2011 ജൂണില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംദേവ് രാംലീല മൈതാനത്ത് സത്യഗ്രഹമിരുന്നിരുന്നു. സത്യഗ്രഹവേദിയിലേക്ക് പോലീസെത്തിയപ്പോള്‍ ചുരിദാറും ദുപ്പട്ടയും ധരിച്ച് രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പരിഹാസം.
'സ്ത്രീവേഷത്തില്‍ പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകും. അദ്ദേഹത്തിന് സാരിയും സല്‍വാറും മറ്റുചിലതും ഇഷ്ടമാണ്. തലച്ചോറിന് തകരാറുള്ള അദ്ദേഹം കാണുന്നതെല്ലാം ചെരിഞ്ഞിരിക്കുന്നു'- ഇതായിരുന്നു മഹുവയുടെ ട്വീറ്റ്.
പതഞ്ജലി യോഗപീഠവും മുംബൈ മഹിളാ പതഞ്ജലി യോഗസമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയില്‍ നടത്തിയ യോഗ ക്യാമ്പിലായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസും രാംദേവ് വിവാദപരാമര്‍ശം നടത്തുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. അമൃതയുടെ കാര്യവും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്നാവിസിന്റെ വാക്കുകള്‍.
'സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്. അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്'- എന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം.
രാംദേവിന്റെ പ്രസ്താവനയ്ക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മല്ലിവാളും രംഗത്തെത്തി. പരാമര്‍ശം മുഴുവന്‍ സ്ത്രീകള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും മാപ്പുപറയണമെന്നുമായിരുന്നു ആവശ്യം.
Content Highlights: baba ramdev salvar remark mahua moitra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..