കാന്താ പ്രസാദ് | Photo:twitter.com|Prince_P007
ന്യൂ ഡല്‍ഹി: കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്നും ജീവിക്കാന്‍ വഴിയില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത വൃദ്ധ ദമ്പതിമാരെ ആരും മറന്നുകാണില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ 'ബാബ കാ ദാബ' ഉടമ കാന്ത പ്രസാദ് (80)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ആത്മഹത്യ ശ്രമം നടത്തിയതായി പോലീസ് അറിയിച്ചു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാള്‍ ആശുപത്രിയിലെത്തിയതായി വ്യാഴാഴ്ച രാത്രി തങ്ങള്‍ക്ക് പിസിആര്‍ കോള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.. പോലീസ് ആശുപത്രിയിലെത്തിയപ്പോള്‍ ഇത് കാന്ത പ്രസാദാണെന്ന് തിരിച്ചറിഞ്ഞു. നിലവില്‍ ഇവിടെ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാന്ത പ്രസാദിന് വിഷാദ രോഗം ബാധിച്ചതായി ഭാര്യ അറിയിച്ചു.
മദ്യവും അമിതമായി ഉറക്ക ഗുളികയും കഴിച്ച് ഇയാള്‍ അബോധാവസ്ഥയിലായെന്നാണ് ആശുപത്രിയി റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്യവും ഉറക്ക ഗുളികയും കഴിച്ചതായി മകനും സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ദാബ എന്ന പേരില്‍ ചായക്കട നടത്തിവരികയായിരുന്നു കാന്താപ്രസാദും ഭാര്യയും. യൂട്യൂബര്‍ ഗൗരവ് വാസനാണ് ഇവരുടേയും ദുരിതകഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാവുകയും നാനാഭാഗത്തു നിന്നും കാന്താപ്രസാദിനെ തേടി സഹായഹസ്തങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ബോളിവുഡില്‍ നിന്നടക്കം ഇവര്‍ക്ക് പിന്തുണയും സഹായവും ലഭിച്ചു.
ഇതിനിടെ വീഡിയോയിലൂടെ തങ്ങളുടെ ദുരിതം സമൂഹത്തിന് മുന്നിലെത്തിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കിയ യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു ഇരുവരും. തങ്ങള്‍ക്ക് സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന് ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസന് സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്കി സംഭാവന സ്വീകരിച്ചുവെന്ന് കാന്ത പ്രസാദ് പരാതിയില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..