ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദവും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോൾ പുറത്തിക്കിയ കേന്ദ്ര നടപടിയെ ചോദ്യംചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐ.എം.എ) മറുപടിയുമായി ആയുഷ് ഡോക്ടർമാരുടെ സമിതി. പ്ലാസിബോ എന്നതിലുപരിയായി ആയുർവേദം മികച്ച അടിത്തറയുള്ള പ്രാചീന ശാസ്ത്രമാണെന്ന് ആയുഷ് സമിതി വ്യക്തമാക്കി.

പുതിയ പ്രോട്ടോക്കോൾ രാജ്യത്തെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങൾ നൽകുമെന്നും സമിതി പറഞ്ഞു. നിരവധി ആയുർവേദ സ്ഥാപനങ്ങളിൽ നിലവിൽ കോവിഡ് രോഗികൾക്ക് ആയുവർവേദ, യോഗ ചികിത്സ നൽകുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ പ്രോട്ടോക്കോൾ രാജ്യത്തുടനീളമുള്ള ആയുഷ് ചികിത്സയ്ക്ക്‌ ഏകോപിത രൂപം നൽകുമെന്നും ആയുഷ് സമിതി വ്യക്തമാക്കി.

ചെറിയ ലക്ഷണങ്ങളുള്ള രോഗികൾക്കും ലക്ഷണങ്ങളില്ലാത്ത രോഗികൾക്കും കോവിഡിനെ നേരിടാൻ ആയുർവേദവും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോൾ ചൊവ്വാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ആയുവർവേദ ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ചോദ്യംചെയ്ത് ഐഎംഎ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്.

കോവിഡിനെ പ്രതിരോധിക്കാൻ ഈ ചികിത്സാപദ്ധതികൾ പ്രകാരം ഏതെങ്കിലും മരുന്നിന് സാധിക്കുമെന്നതിന് തൃപ്തികരമായ തെളിവ് ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ ലഭ്യമായിട്ടുണ്ടെങ്കിൽ അത് നൽകണം. അലോപ്പതി ഇതര ചികിത്സാരീതികൾക്ക് കോവിഡിനെ പ്രതിരോധിക്കാനാവുമെന്ന് സർക്കാരിന് ഉറപ്പുണ്ടെങ്കിൽ കോവിഡ് ചികിത്സ ആയുഷ് മന്ത്രാലയത്തിന് കൈമാറാൻ തയ്യാറുണ്ടോയെന്നും ഐ.എം.എ കത്തിൽ ചോദിച്ചിരുന്നു.

contenet highlights:AYUSH doctors' body counters IMA, gives nod to new coronavirus protocol