സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി
ന്യൂഡല്‍ഹി: ദേശീയ ആയുഷ് മിഷന്റെ ഭാഗമായി ആയുര്‍വേദ മരുന്നുകള്‍ വാങ്ങുന്നത് നിഷ്പക്ഷവും സുതാര്യവുമായ ടെണ്ടര്‍ നടപടികളിലൂടെ മാത്രമേ പാടുള്ളൂവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ മെഡിസിന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്പറേഷന് ലിമിറ്റഡ് മാത്രമേ ഗുണനിലവാരം ഉള്ള ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നുള്ളൂ എന്ന വാദം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ദേശീയ ആയുഷ് മിഷന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ മരുന്നുകള്‍ വാങ്ങാനാകൂ. ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിസിന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്പറേഷന് ലിമിറ്റഡില്‍നിന്ന് മാത്രം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയുര്‍വേദ മരുന്ന് വാങ്ങുന്നതിനെതിരെ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹര്‍ജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി, സുതാര്യമായ ടെണ്ടര്‍ നടപടികളിലൂടെ മരുന്ന് വാങ്ങണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും ഇന്ത്യന്‍ മെഡിസിന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്പറേഷന് ലിമിറ്റഡും നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളിയത്.
കേന്ദ്ര സര്‍ക്കാരിന് 98.11 ശതമാനം ഓഹരി പങ്കാളിത്തമുളള ഇന്ത്യന്‍ മെഡിസിന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്പറേഷന് ലിമിറ്റഡ് മാത്രമേ ഗുണനിലവാരമുള്ള ആയുര്‍വേദ മരുന്നുകള്‍ നിര്മ്മിക്കുന്നുള്ളുവെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം. ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില, ഗുണനിലവാരം അനുസരിച്ച് മാറുമെന്നും അതിനാല്‍ ടെണ്ടര്‍ നടപടികളിലൂടെ മരുന്നുകള്‍ വാങ്ങാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 1994-ല്‍ പുറത്തിറക്കിയ സര്‍ക്കുലറും ഉത്തര്‍പ്രദേശ് സർക്കാർ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Ayurvedic medicines should be procured through transparent tender process- Supreme Court tells UP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..