ലഖ്‌നൗ: അയോധ്യ കേസിലെ വിധിന്യായത്തില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണമോ എന്നകാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. ഭൂമി സ്വീകരിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായമുയര്‍ന്നതോടെ നവംബര്‍ 26-ന് ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫാര്‍ ഫാറൂഖി അറിയിച്ചു. 

നേരത്തെ നവംബര്‍ 13-ന് യോഗം ചേരാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് നവംബര്‍ 26-ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്- അദ്ദേഹം വ്യക്തമാക്കി. 

ഭൂമി ഏറ്റെടുക്കരുതെന്നാണ് ചിലരുടെ ഉപദേശം. പക്ഷേ, അത് നിഷേധാത്മക സമീപനം വര്‍ധിപ്പിക്കുമെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ ചിലര്‍ പറയുന്നത് ഭൂമി വഖഫ് ബോര്‍ഡ് സ്വീകരിക്കണമെന്നും അവിടെ പള്ളിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിയണമെന്നുമാണ്- ഫാറൂഖി വിശദീകരിച്ചു. 

എന്തായാലും ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഭൂമി സ്വീകരിക്കാനാണെങ്കില്‍ അത് എങ്ങനെ വേണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ ബോര്‍ഡ് സ്വാഗതം ചെയ്യുകയാണെന്നും വിധിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

Content Highlights: ayodhya whether to accept 5 acre land for mosque or not, sunni waqf board will take decision on 26